ഒരു കാറ്ററിംഗ് ട്രക്ക്, രണ്ട് വിമാനങ്ങൾ, ഒരു പ്രസിഡന്റ്! ട്രംപിന്റെ രഹസ്യ യാത്ര നെറ്റ്ഫ്ലിക്സ് സ്ക്രീനിലേക്ക്…

ഇതോടെ യഥാർത്ഥ എയർ ഫോഴ്‌സ് വൺ ഒരു ഡെക്കോയ് എയർക്രാഫ്റ്റ് , അഥവാ തെറ്റിദ്ധരിപ്പിക്കുന്ന വിമാനമായി മാറി. അതിൽ മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും യാത്ര തുടർന്നു. അവരുടെ ധാരണയിൽ ട്രംപ് ആ വിമാനത്തിലുണ്ടായിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ പ്രസിഡന്റ് അതിന് മുമ്പേ മറ്റൊരു വിമാനത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു

ഒരു കാറ്ററിംഗ് ട്രക്ക്, രണ്ട് വിമാനങ്ങൾ, ഒരു പ്രസിഡന്റ്! ട്രംപിന്റെ രഹസ്യ യാത്ര നെറ്റ്ഫ്ലിക്സ് സ്ക്രീനിലേക്ക്…
ഒരു കാറ്ററിംഗ് ട്രക്ക്, രണ്ട് വിമാനങ്ങൾ, ഒരു പ്രസിഡന്റ്! ട്രംപിന്റെ രഹസ്യ യാത്ര നെറ്റ്ഫ്ലിക്സ് സ്ക്രീനിലേക്ക്…

രു വിമാനത്താവളത്തിന്റെ റൺവേയിൽ നടന്ന ഏതാനും മിനിറ്റുകളുടെ നീക്കം, ഒരു കാറ്ററിംഗ് ട്രക്ക്, ഒരു പഴയ എയർ ഫോഴ്‌സ് വൺ, അതിന് സമീപം കാത്തുനിന്ന മറ്റൊരു സൈനിക വിമാനം, പിന്നീട് അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള ഏറ്റവും അസാധാരണമായ കഥകളിലൊന്നായി മാറുകയായിരുന്നു. 2026 ജൂലൈ 8-ന് തുർക്കിയിലെ അങ്കാറയിൽ നടന്ന ആ രഹസ്യ നീക്കം പുറത്തുവന്നപ്പോൾ, അതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ട്രംപ് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്തുവെന്നതിലുപരി, അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗവും തങ്ങൾ കയറിയ വിമാനത്തിൽ പ്രസിഡന്റ് ഇല്ലെന്ന് അറിഞ്ഞിരുന്നില്ല എന്നതായിരുന്നു. ഇപ്പോൾ ആ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ ഇൻസ്റ്റഡോക്സ് : ദി ഡെക്കോയ് പ്ലയ്ന് .

2026 ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം ഡോണൾഡ്‌ ട്രംപ് അമേരിക്കയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അങ്കാറയിൽ എത്തിയപ്പോൾ അദ്ദേഹം ഖത്തർ സമ്മാനിച്ച പുതിയ ബോയിംഗ് 747-8 വിമാനത്തിലായിരുന്നു യാത്ര ചെയ്തത്. എന്നാൽ മടങ്ങുമ്പോൾ പഴയ, പരമ്പരാഗത എയർ ഫോഴ്‌സ് വൺ ഉപയോഗിക്കുമെന്ന് അദ്ദേഹം തന്നെ പരസ്യമായി പ്രഖ്യാപിച്ചു. പുതിയ വിമാനം ബ്രിട്ടനിലെ RAF മിൽഡിന് ഹാളിലേക്ക് പോകുമെന്നും അവിടെയുള്ള അമേരിക്കൻ സൈനികർക്ക് അത് കാണാൻ അവസരം ലഭിക്കുമെന്നും ആയിരുന്നു അന്നത്തെ ഔദ്യോഗിക വിശദീകരണം.

പക്ഷേ യഥാർത്ഥ പദ്ധതി അതിലും സങ്കീർണ്ണമായിരുന്നു. ട്രംപ് പഴയ എയർ ഫോഴ്‌സ് വണ്ണിലേക്ക് കയറുന്നത് മാധ്യമ ക്യാമറകൾക്ക് മുന്നിൽ തന്നെയായിരുന്നു. അതിനാൽ പുറത്തുനിന്ന് നോക്കുമ്പോൾ അദ്ദേഹം സാധാരണ രീതിയിൽ വിമാനത്തിൽ കയറി മടങ്ങുകയാണെന്ന് എല്ലാവർക്കും തോന്നി. എന്നാൽ വിമാനത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷം അദ്ദേഹം മറ്റൊരു വാതിലിലൂടെ പുറത്തേക്ക് നീങ്ങി. അവിടെ കാത്തുനിന്നിരുന്ന വിമാനത്താവളത്തിലെ കാറ്ററിംഗ് ട്രക്കിന്റെ ഉയർത്തിയ കണ്ടെയ്‌നറിനുള്ളിൽ അദ്ദേഹത്തെ രഹസ്യമായി മാറ്റുകയായിരുന്നു. ട്രക്ക് പിന്നീട് റൺവേയുടെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി, അവിടെ കാത്തിരുന്ന യു.എസ്. എയർ ഫോഴ്‌സിന്റെ സി-32A സൈനിക വിമാനത്തിലേക്ക് ട്രംപിനെ മാറ്റി.

ഇതോടെ യഥാർത്ഥ എയർ ഫോഴ്‌സ് വൺ ഒരു ഡെക്കോയ് എയർക്രാഫ്റ്റ് , അഥവാ തെറ്റിദ്ധരിപ്പിക്കുന്ന വിമാനമായി മാറി. അതിൽ മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും യാത്ര തുടർന്നു. അവരുടെ ധാരണയിൽ ട്രംപ് ആ വിമാനത്തിലുണ്ടായിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ പ്രസിഡന്റ് അതിന് മുമ്പേ മറ്റൊരു വിമാനത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

സംഭവത്തിന്റെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത് ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണിയായിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ട്രംപിന്റെ തുർക്കി യാത്രയെയും അദ്ദേഹത്തിന്റെ നീക്കങ്ങളെയും ലക്ഷ്യമിട്ടുള്ള വിശ്വസനീയമായ ഭീഷണി ലഭിച്ചതായാണ് പിന്നീട് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനുമായി ബന്ധമുള്ള ഒരു സംഘത്തിന് തുർക്കിയിൽ പ്രവേശിച്ചിരിക്കാമെന്നും തോളിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ പോലുള്ള ആയുധം ഉപയോഗിച്ച് വിമാനത്തെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നുമുള്ള വിവരമാണ് സുരക്ഷാ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ഒരു മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇത്തരം ഭീഷണി ഉണ്ടായാൽ പ്രസിഡന്റിന്റെ യാത്രയുടെ യഥാർത്ഥ പാതയും വിമാനവും ശത്രുക്കൾക്ക് തിരിച്ചറിയാൻ കഴിയാതിരിക്കുക എന്നത് അത്യന്തം പ്രധാനമാണ്. ട്രംപ് ഏത് വിമാനത്തിലാണ് യഥാർത്ഥത്തിൽ സഞ്ചരിക്കുന്നതെന്ന് പുറത്തുനിന്ന് മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനാൽ പഴയ എയർ ഫോഴ്‌സ് വൺ വെറും യാത്രാ വിമാനമല്ല, പ്രസിഡന്റ് അതിലുണ്ടെന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്ന ഒരു ചതിയുപാധിയായി മാറി.

ഈ സംഭവത്തെ കൂടുതൽ അസാധാരണമാക്കുന്നത് സുരക്ഷാ പദ്ധതിയുടെ പരിധിയാണ്. സാധാരണയായി പ്രസിഡന്റിനൊപ്പം സഞ്ചരിക്കുന്ന വൈറ്റ് ഹൗസ് റിപ്പോർട്ടർമാർക്ക് പ്രസിഡന്റിന്റെ യാത്രയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ അവർ കയറിയ വിമാനത്തിൽ ട്രംപ് ഇല്ലെന്ന വിവരം അവരിൽ നിന്ന് മറച്ചുവെച്ചു. വിമാനം പറന്നുയരുന്നതിന് മുമ്പ് ജനലുകളുടെ ഷേഡുകൾ അടയ്ക്കാൻ മാധ്യമപ്രവർത്തകരോട് നിർദ്ദേശിക്കുകയും ചെയ്തു.

ഇത് മാധ്യമസ്വാതന്ത്ര്യത്തെയും പ്രസിഡന്റിന്റെ സുരക്ഷയെയും തമ്മിൽ കൂട്ടിയിടിപ്പിക്കുന്ന ഒരു അസാധാരണ സാഹചര്യം സൃഷ്ടിച്ചു. പ്രസിഡന്റിനെ സംരക്ഷിക്കാൻ രഹസ്യമായി പ്രവർത്തിക്കേണ്ടത് സീക്രട്ട് സർവീസിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ അതേ സമയം പ്രസിഡന്റിന്റെ യാത്ര റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകർക്ക് അവരുടെ യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത തന്നെ അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം പുറത്തുവന്നപ്പോൾ മാധ്യമലോകത്തും വലിയ ആശയക്കുഴപ്പം ഉണ്ടായി.

വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിംഗ് സംഘമാണ് പിന്നീട് ഈ രഹസ്യ നീക്കം പുറത്തുകൊണ്ടുവന്നത്. ആ സംഘത്തിലുണ്ടായിരുന്ന ഡാൻ ലാമോത്ത് തന്നെയാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലും തന്റെ അനുഭവം പങ്കിടുന്നത്. റോയിട്ടേഴ്സിന്റെ വൈറ്റ് ഹൗസ് റിപ്പോർട്ടർ ഗ്രാം സ്ലാറ്ററി, അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ അലക്സ് ബ്രാൻഡൻ, എംഎസ് നൗ -വിലെ അന്വേഷണാത്മക റിപ്പോർട്ടർ കരോൾ ലിയോണിഗ്, മുൻ സീക്രട്ട് സർവീസ് ഏജന്റ് റോബർട്ട് മക്‌ഡൊണാൾഡ്, മുൻ എയർ ഫോഴ്‌സ് വൺ ക്രൂ അംഗം വാണ്ട ജോയൽ എന്നിവരും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

സംഭവത്തിന്റെ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അത് രാഷ്ട്രീയ-സുരക്ഷാ വാർത്ത എന്ന പരിധി കടന്ന് ഒരു ആഗോള കൗതുകമായി മാറി. ഒരു പ്രസിഡന്റിനെ ഒരു കാറ്ററിംഗ് ട്രക്കിന്റെ മറവിൽ വിമാനത്തിൽ നിന്ന് മറ്റൊരു വിമാനത്തിലേക്ക് മാറ്റിയെന്ന ആശയം തന്നെ സിനിമാറ്റിക് സ്വഭാവമുള്ളതായിരുന്നു. എന്നാൽ ദി ഡെക്കോയ് പ്ലയ്ന് അതിനെ ഒരു രാഷ്ട്രീയ ത്രില്ലറായി മാത്രം അവതരിപ്പിക്കുന്നില്ല. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പുനർനിർമ്മിക്കുന്നത്.നെറ്റ്ഫ്ലിക്സ് വേഗത്തിൽ തയ്യാറാക്കുന്ന ഇൻസ്റ്റഡോക്സ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇൻസ്റ്റഡോക്സ് : ദി ഡെക്കോയ് പ്ലയ്ന്. പരമ്പരയുടെ ആശയം തന്നെ വാർത്തകൾ ചൂടുപിടിച്ചിരിക്കുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ വേഗത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ്.

ചുരുക്കത്തിൽ, ഈ സംഭവത്തിന്റെ ഏറ്റവും കൗതുകകരമായ ഭാഗം ട്രംപ് എങ്ങനെ ഒരു വിമാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയെന്നത് മാത്രമല്ല. ഒരു പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ തയ്യാറാക്കിയ ഒരു രഹസ്യ പദ്ധതിയിൽ, അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന റിപ്പോർട്ടർമാർ തന്നെ അറിയാതെ ഒരു വലിയ തെറ്റിദ്ധരിപ്പിക്കൽ ഓപ്പറേഷന്റെ ഭാഗമായിത്തീർന്നതാണ് യഥാർത്ഥ കഥ. റൺവേയിൽ സാധാരണയായി ഭക്ഷണം എത്തിക്കുന്ന ഒരു കാറ്ററിംഗ് ട്രക്ക് അന്നത്തെ ദിവസം പ്രസിഡന്റിന്റെ രഹസ്യ രക്ഷപ്പെടലിന്റെ നിർണായക കണ്ണിയായി മാറി. ഇപ്പോൾ, ആ ഏതാനും മിനിറ്റുകൾക്കുള്ളിൽ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് നേരിട്ട് കണ്ടവരുടെയും ആദ്യം റിപ്പോർട്ട് ചെയ്തവരുടെയും മൊഴികളിലൂടെ പുനർനിർമ്മിക്കുകയാണ് ദി ഡെക്കോയ് പ്ലയ്ന്.

Share Email
Top