ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ പ്രത്യേക പതിപ്പുകളുമായി എംജി മോട്ടോർ. എംജി എം9 ക്യൂച്ചർ എഡിഷൻ, എംജി സൈബർസ്റ്റർ ക്യൂച്ചർ എഡിഷൻ എന്നീ മോഡലുകളാണ് കമ്പനി രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഡിസൈനർ ഗൗരവ് ഗുപ്തയുമായി സഹകരിച്ചാണ് ഈ പ്രത്യേക പതിപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിമിതമായ എണ്ണത്തിൽ മാത്രം ലഭ്യമാകുന്ന ഈ വാഹനങ്ങളുടെ ആകെ 50 യൂണിറ്റുകൾ മാത്രമാണ് രാജ്യത്താകെ വിൽപ്പനയ്ക്ക് എത്തുക. എംജി എം9 ക്യൂച്ചർ എഡിഷന് 84.94 ലക്ഷം രൂപയും, സൈബർസ്റ്റർ ക്യൂച്ചർ എഡിഷന് 87.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. വാഹനങ്ങളുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
പ്രത്യേക ഡിസൈൻ മികവുമായി ക്യൂച്ചർ എഡിഷൻ
ഗൗരവ് ഗുപ്തയുടെ പ്രശസ്തമായ ‘സർപന്റ് ഇൻഫിനിറ്റി’ ഡിസൈൻ പ്രമേയമാണ് ഈ രണ്ട് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങളുടെ പുറംഭാഗത്ത് സർപന്റ് ഇൻഫിനിറ്റി ലോഗോയും പ്രത്യേക ബാഡ്ജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എംജി എംബ്ലങ്ങൾക്ക് ആകർഷകമായ സ്വർണ നിറത്തിലുള്ള ഫിനിഷും നൽകിയിട്ടുണ്ട്. മുൻവശത്തെ എംജി ലോഗോയ്ക്ക് ചുറ്റും ഓറഞ്ച് നിറത്തിലുള്ള ഡിസൈൻ ഘടകങ്ങളും രണ്ട് പ്രത്യേക ബ്രൂച്ചുകളും നൽകിയിട്ടുണ്ട്. കൂടാതെ സർപന്റ് ഇൻഫിനിറ്റി ലോഗോ എംബ്രോയ്ഡറി ചെയ്ത ടോണോ കവർ, ഡാഷ്‌ബോർഡിലെ പ്രത്യേക ക്യൂച്ചർ എഡിഷൻ ലോഗോ എന്നിവയും ഈ മോഡലുകളുടെ പ്രത്യേകതകളാണ്. എന്നാൽ ഡിസൈനിൽ വരുത്തിയ ഈ മാറ്റങ്ങൾ ഒഴികെ വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങളിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല.
Also Read:ക്ലച്ചിൽ കാൽ വെക്കുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങളുടെ കാറിന്റെ ആയുസ്സ് തീർച്ചയായും കുറയും!
എംജി എം9 ക്യൂച്ചർ എഡിഷൻ: ബാറ്ററിയും പെർഫോമൻസും
എംജി എം9 ക്യൂച്ചർ എഡിഷനിൽ 90 കിലോവാട്ട് അവർ ബാറ്ററി പാക്കാണ് നൽകിയിരിക്കുന്നത്. ഒറ്റ ഇലക്ട്രിക് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവുമുള്ള ഈ വാഹനം പരമാവധി 245 ബി.എച്ച്.പി കരുപ്പും 350 എൻ.എം ടോർക്കും നൽകും. ഒരു പൂർണ ചാർജിൽ 548 കിലോമീറ്റർ വരെ എം.ഐ.ഡി.സി സർട്ടിഫൈഡ് റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എംജി സൈബർസ്റ്റർ ക്യൂച്ചർ എഡിഷൻ
സൈബർസ്റ്റർ ക്യൂച്ചർ എഡിഷനിൽ 77 കിലോവാട്ട് അവർ ബാറ്ററി പാക്കും ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് സംവിധാനവുമാണ് നൽകിയിരിക്കുന്നത്. ഈ ഇലക്ട്രിക് സ്പോർട്സ് കാറിന് സംയുക്തമായി 510 ബി.എച്ച്.പി കരുത്തും 725 എൻ.എം ടോർക്കും ലഭിക്കും. വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും. ഒരു ചാർജിൽ 580 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ സൈബർസ്റ്ററിന് കഴിയുമെന്നാണ് കമ്പനിയുടെ വാദം.
ആഡംബര ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഉപഭോക്താക്കൾക്ക് തികച്ചും വ്യത്യസ്തവും അപൂർവവുമായ അനുഭവം നൽകാനാണ് ക്യൂച്ചർ എഡിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് എംജി സെലക്ട് മേധാവി മിലിന്ദ് ഷാ വ്യക്തമാക്കി. പരിമിതമായ ലഭ്യതയും ആഡംബര ഫീച്ചറുകളും കാരണം ഈ പുതിയ എഡിഷനുകൾ വാഹനപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.






