ഒരു വാഴപ്പഴം പ്രദർശനത്തിനുവെയ്ക്കുകയും അത് കോടികൾ കൊടുത്ത് ഒരാൾ വാങ്ങി കഴിക്കുകയുമൊക്കെ ചെയ്ത സംഭവത്തിനു പിന്നാലെ ഇപ്പോൾ വൈറലാകുന്നത് മറ്റൊരു ലേലവസ്തുവാണ്. അമേരിക്കൻ ചിത്രകാരനായ റോബർട്ട് റൈമാൻ്റെ ഒരു ശൂന്യമായ കാൻവാസാണ് ലേലവസ്തു. 1.5 മില്യൺ ഡോളറിലധികം അതായത് ഏകദേശം 13 കോടി വിലമതിക്കുന്ന ഈ കലാസൃഷ്ടിയുടെ ലേലം ജർമ്മനിയിലാണ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
1970 -ൽ ചെയ്ത ഈ കലാസൃഷ്ടിയുടെ പേര് ജനറൽ 52″ x 52″ എന്നാണ്. തികച്ചും ശൂന്യമായ ഒരു കാൻവാസാണ് ഇത് എന്നാണ് കാണുന്ന ഏതൊരാൾക്കും തോന്നുക. എന്നാൽ, യഥാർത്ഥത്തിൽ വെളുത്ത ഇനാമലും ഇനാമെലാക്കും ഉപയോഗിച്ചാണ് ഇത് വരച്ചിരിക്കുന്നതത്രെ. കാണുന്നവന് ഒന്നും തോന്നില്ലെങ്കിലും ഉള്ളിൽ അർഥമുണ്ടെന്നാണ് സൃഷ്ടാവ് പറയുന്നത്. എന്തായാലും ഇതിനി എത്ര കോടികൾക്കാണ് വിറ്റുപോകുക എന്ന കൗതുകത്തിലാണ് കാണികൾ.