CMDRF

ആഷിഖ് അബുവിനും സംഘത്തിനും വൻ തിരിച്ചടി, സിനിമാ സംഘടനകൾക്ക് കോൺഫെഡറേഷൻ വരുന്നു !

പുതിയ സംഘടനയുടെ ഭാഗമായവര്‍ എല്ലാം തന്നെ നിലവില്‍ സിനിമാ രംഗത്തുള്ള പ്രമുഖ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരായ നിലപാട് സ്വീകരിക്കുന്നവരാണ്

ആഷിഖ് അബുവിനും സംഘത്തിനും വൻ തിരിച്ചടി, സിനിമാ സംഘടനകൾക്ക് കോൺഫെഡറേഷൻ വരുന്നു !
ആഷിഖ് അബുവിനും സംഘത്തിനും വൻ തിരിച്ചടി, സിനിമാ സംഘടനകൾക്ക് കോൺഫെഡറേഷൻ വരുന്നു !

രാജ്യത്തെ സിനിമാ മേഖലയെ ഒന്നാകെ കോര്‍ത്തിണക്കി ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിക്കാന്‍ അണിയറയില്‍ ഇപ്പോള്‍ വലിയ നീക്കമാണ് നടന്നുവരുന്നത്. എല്ലാ ഭാഷയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രാതിനിധ്യം നല്‍കുന്ന ദേശീയ സംഘടന വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത് ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സംവിധായകനാണ്. ഈ നിര്‍ദ്ദേശത്തിന് അനുകൂലമായി ബോളിവുഡിലെയും കോളിവുഡിലെയും ടോളിവുഡിലെയും സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രതികരിച്ചതായാണ് ലഭിക്കുന്ന സൂചന. ഇത് സംബന്ധമായ ആലോചനായോഗം ചെന്നൈയിലോ മുംബൈയിലോ വിളിച്ച് ചേര്‍ക്കാനാണ് ആലോചിക്കുന്നത്.

രാജ്യത്തെ എല്ലാ സിനിമാ സംഘടനകളെയും കോണ്‍ഫെഡറേഷന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം സിനിമാ മേഖലയില്‍ നിലവില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ചെറുക്കാനുള്ള ഒരു പ്രതിരോധം കൂടിയായി മാറാനാണ് സാധ്യത. ഇത്തരം ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടായാല്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും അത് വെല്ലുവിളിയായി മാറും. ഏതെങ്കിലും ഒരു താരം കേസില്‍ പ്രതിയായാല്‍ ആ താരത്തിന്റെ സിനിമ എടുക്കേണ്ടതില്ലെന്ന നിലപാടാണ് പ്രധാന ഒടിടി ഭീമന്‍മാര്‍ സ്വീകരിക്കുന്നത്. ഈ തീരുമാനം നിര്‍മ്മാതാവിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. നൂറ് കോടിയോളം ചിലവിട്ട് വിവിധ ഭാഷകളിലായി ഗോകുലം മൂവീസ് പുറത്തിറക്കുന്ന ‘കത്തനാര്‍’ എന്ന സിനിമയുടെ ഒടിടി വില്‍പ്പന നായകനായ ജയസൂര്യ സ്ത്രീപീഡനക്കേസില്‍ പ്രതിയായതോടെ ത്രിശങ്കുവിലാണ്.

Also Read: ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി കുറ്റവാളികളായി ചിത്രീകരിക്കുന്നത് എന്തിന് ? ആർക്കു വേണ്ടി ?

നിവിന്‍ പോളി അഭിനയിക്കുന്ന സിനിമകള്‍ക്കും ഇതേ ഭീഷണി നിലവിലുണ്ട്. ഏതെങ്കിലും ഒരു സ്ത്രീ വെളിപ്പെടുത്തല്‍ നടത്തുകയും പരാതി നല്‍കുകയും ചെയ്താല്‍ ആ നിമിഷം കേസെടുക്കുന്ന നിയമമാണ് നമുക്കുള്ളത്. ഈ പഴുത് ഉപയോഗിച്ച് യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്യാത്തവര്‍ പോലും കേസില്‍ പ്രതിയാകുന്ന അവസ്ഥയുണ്ടെന്നാണ് സിനിമാ മേഖലയിലെ വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ കോടതികള്‍ കുറ്റവാളിയെന്ന് കണ്ടെത്താതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മാത്രം പരിഗണിച്ച് സിനിമകളെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തഴയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഈ വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.

Filmmaker Rajeev Ravi says the formation of such an association has been under discussion for a while (image for representation).

ഈ അഭിപ്രായത്തിനാണ് തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ക്കിടയിലും സ്വീകാര്യതയുള്ളത്. കോണ്‍ഫെഡറേഷന്‍ രൂപീകരിക്കപ്പെട്ടാല്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്ത് ഒടിടി ഭീമന്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്നതാണ് കണക്കുകൂട്ടല്‍. ഇതിനുപുറമെ സിനിമാ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്ന വിലയിരുത്തലും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

Also Read: നടിമാരുടെ മൊഴിയിൽ പൊലീസ് നട്ടംതിരിയും, തെളിവില്ലെങ്കിൽ, നമ്പി നാരായണൻ കേസ് മോഡലിൽ തിരിച്ചടിക്കും

വെളിപ്പെടുത്തല്‍ എന്ന രൂപത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രതികരണങ്ങള്‍ പുറത്തുവിടുന്ന മാധ്യമ ശൈലിയിലും സിനിമാ സംഘടനകള്‍ക്ക് രോഷമുണ്ട്. വസ്തുത കോടതികള്‍ മനസ്സിലാക്കി വിധി പറയും മുന്‍പ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് പ്രേക്ഷകര്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയാക്കുമെന്നും അത് സിനിമാ വ്യവസായത്തെത്തന്നെ സാരമായി ബാധിക്കുമെന്നുമാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

മാധ്യമങ്ങള്‍ കോടതികളായും മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരായും സമാന്തരമായി നടത്തുന്ന ‘ട്രയല്‍’ അവസാനിപ്പിക്കണമെന്നതാണ് സിനിമാ സംഘടനകളുടെ ആവശ്യം. ഇങ്ങനെ പെരുമാറുന്ന മാധ്യമ സ്ഥാപനങ്ങളോട് സിനിമാ പ്രവര്‍ത്തകര്‍ സഹകരിക്കരുത് എന്ന തീരുമാനം എടുക്കണമെന്ന ആവശ്യവും നിലവില്‍ ശക്തമാണ്. ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

Also Read: എല്ലാറ്റിനും പിന്നിൽ സിനിമാ മേഖലയിൽ നിന്നും ഔട്ടായ രണ്ട് സംവിധായകരോ? സിനിമയെ വെല്ലുന്ന ‘തിരക്കഥ’

അതേസമയം, മലയാള സിനിമാമേഖലയില്‍ നിലവിലുള്ള സംഘടനകള്‍ക്ക് ബദലായി ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പുതിയ സംഘടന രൂപീകരിച്ചവര്‍ക്ക് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഈ സംഘടനയുടെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറില്‍ ഉള്‍പ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ താന്‍ ഈ കൂട്ടായ്മയുടെ ഭാഗമല്ലെന്ന് തുറന്ന് പറഞ്ഞാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

Anjali Menon, Lijo Jose Pellissery, Aashiq Abu, Rajeev Ravi, Rima Kallingal

ഒരുസംഘം സിനിമാപ്രവര്‍ത്തകര്‍ ഒരുമിക്കുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന സംഘടനയില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, രാജീവ് രവി, ബിനീഷ് ചന്ദ്ര എന്നിവരാണുള്ളത്. സംവിധായകന്‍ വിനയനും ഈ സംഘടനയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘സമത്വം, സഹകരണം, സാമൂഹിക നീതി’ എന്നീ മൂല്യങ്ങളാകും സംഘടനയുടെ അടിസ്ഥാനമെന്നും, തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുമെന്നുമാണ് ഈ സംഘടന വാഗ്ദാനം ചെയ്യുന്നത്.

Also Read: ഹേമ കമ്മറ്റി റിപ്പോർട്ടിനെ സംശയിക്കാനും കാരണങ്ങൾ ഏറെ, മൊഴി നൽകിയവർ പകവീട്ടിയതെന്നും സംശയം

പുതിയ സംഘടനയുടെ ഭാഗമായവര്‍ എല്ലാം തന്നെ നിലവില്‍ സിനിമാ രംഗത്തുള്ള പ്രമുഖ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരായ നിലപാട് സ്വീകരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന സംഘടന നിലവിലുള്ള സംഘടനകള്‍ക്ക് ഭീഷണിയാണെന്ന് കരുതാനും വയ്യ. എന്നാല്‍, ഇവര്‍ തമ്മിലുള്ള ഭിന്നത അപ്രഖ്യാപിത വിലക്കിന് കാരണമായാല്‍ പുതിയ സംഘടനയുമായി സഹകരിക്കുന്നവരെയാണ് അത് ശരിക്കും ബാധിക്കാന്‍ പോകുന്നത്. നിലവില്‍ താര സംഘടനയായ അമ്മയോട് തെറ്റിപ്പിരിഞ്ഞ് ഡബ്ല്യൂസിസിയില്‍ അംഗമായവര്‍ക്ക് സിനിമകള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത് ഡബ്ല്യൂസിസി അംഗങ്ങള്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യവുമാണ്. ഈ പശ്ചാത്തലം കൂടി മനസ്സിലാക്കിയാണ് പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന സംഘടനയില്‍ നിന്നും പിന്‍മാറിയതെന്നാണ് ലഭിക്കുന്ന സൂചന. രാജ്യത്തെ വിവിധ സിനിമാ സംഘടനകളുടെ കൂട്ടായ്മ കൂടി വരുന്നതോടെ നിലവിലെ സംഘടനകള്‍ക്കാണ് കരുത്ത് വര്‍ദ്ധിക്കുക.

Biburaj

വീഡിയോ കാണാം

Top