വിമർശന ശരങ്ങളോ? വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരെ അടിക്കാൻ വടികളേറെ..!

യോഗത്തിൽ നടക്കുന്ന ചർച്ചകൾ പുറത്തുപോകാതിരിക്കാൻ നേതൃത്വം മുൻകരുതലെടുക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്

വിമർശന ശരങ്ങളോ? വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരെ അടിക്കാൻ വടികളേറെ..!
വിമർശന ശരങ്ങളോ? വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരെ അടിക്കാൻ വടികളേറെ..!

കോഴിക്കോട്: പത്തുവർഷത്തെ തുടർഭരണത്തിനേറ്റ തിരിച്ചടിയും പാർട്ടിക്ക് സംഭവിച്ച പാളിച്ചകൾ കേന്ദ്ര കമ്മിറ്റി തന്നെ അംഗീകരിച്ചതും ഒരു വശത്ത്. അതിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ ഇഡി ഡിജിപിക്ക് കത്ത് നൽകിയെന്ന വിവരവും പുറത്തുവന്നു. ഈ സാഹചര്യത്തിൽ അടുത്ത ആഴ്ച കോഴിക്കോട്ട് ചേരുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം നിർണായക ചർച്ചകൾക്ക് വേദിയാകുമെന്നാണ് സൂചന. തെറ്റ് തിരുത്തൽ പ്രധാന അജണ്ടയാകുന്ന യോഗത്തിൽ പിണറായി വിജയനെതിരെ ശക്തമായ വിമർശനം ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന യോഗത്തിൽ 307 പ്രതിനിധികളാണ് പങ്കെടുക്കുക. പിണറായിയുടെ ഭാഷയും ശൈലിയും, കുടുംബാധിപത്യത്തെക്കുറിച്ചുള്ള വിമർശനങ്ങളും, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുണ്ടായ അകൽച്ചയും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതായി ചർച്ചകൾ ഉയർന്നിരുന്നു. കരട് റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടിയ പാളിച്ചകൾ ഉൾപ്പെടുത്തുന്നതിലും പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഒടുവിൽ സംസ്ഥാന കമ്മിറ്റിയുടെ സമ്മർദത്തെത്തുടർന്നാണ് അവ ഉൾപ്പെടുത്തിയത്. പിണറായി വിജയനെതിരെയും പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേരുകൾ പരാമർശിച്ചും കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയതും യോഗത്തിന് മുന്നോടിയായി പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ALSO READ:പിണറായിക്കെതിരെ കേസെടുത്താൽ പണി, ഇല്ലെങ്കിലും പണി, സർക്കാറിന് മുന്നിൽ ഇരുതലമൂർച്ചയുള്ള വാൾ..!

വർഗീയതയെ വിമർശിച്ചുകൊണ്ടിരിക്കെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ചേർത്തുപിടിച്ചതും, ആഗോള അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതും, സഖ്യകക്ഷികളെ അറിയിക്കാതെ പി.എം ശ്രീയിൽ ഒപ്പിട്ടതും, പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കാനുള്ള നീക്കവും, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളായി ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്ര കമ്മിറ്റിയും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇവയെല്ലാം ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യോഗത്തിൽ നടക്കുന്ന ചർച്ചകൾ പുറത്തുപോകാതിരിക്കാൻ നേതൃത്വം മുൻകരുതലെടുക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ദയനീയ തോൽവിക്ക് ശേഷവും പാർട്ടിയിൽ അവസാന വാക്ക് തന്റേതാണെന്ന നിലപാടിൽ നിന്ന് പിണറായി വിജയൻ മാറുന്നില്ലെന്ന വിമർശനം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. നേതൃമാറ്റത്തിന് സാധ്യത കുറവാണെങ്കിലും 307 പ്രതിനിധികൾ പങ്കെടുക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരാനുള്ള സാധ്യതയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Share Email
Top