ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ഒരു യുവാവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയത് കോടികള്‍. ഒന്നും രണ്ടുമൊന്നുമല്ല 9,900 കോടി രൂപയാണ് ക്രെഡിറ്റായത്. ഭാനു പ്രകാശ് എന്ന യുവാവിന്റെ അക്കൗണ്ടിലാണ് ഇത്രയും രൂപ അപ്രതീക്ഷിതമായി എത്തിയത്. 9900 കോടി രൂപ എത്തിയെന്ന സന്ദേശം കണ്ട് ആദ്യം യുവാവ് അന്തംവിട്ടു. ഉടനെ ബാങ്കിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് സോഫ്റ്റ്വെയര് പിഴവ് കാരണമാണ് ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
ഭാനു പ്രകാശിന്റെ ബറോഡ യുപി ബാങ്കിലെ അക്കൗണ്ടിലേക്കാണ് 99,99,94,95,999.99 രൂപ എത്തിയത്. ഉടനെ അദ്ദേഹം ബാങ്കില്‍ ഇക്കാര്യം അറിയിച്ചു. ഭാനു പ്രകാശിന്റേത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ലോണ്‍ അക്കൗണ്ടാണെന്നും നിഷ്ക്രിയ ആസ്തിയായി (എന്‍പിഎ) തുക മാറിയെന്നും ബാങ്ക് വ്യക്തമാക്കി. സോഫ്റ്റ്വെയര് പിഴവ് കാരണമാണ് ഭീമമായ തുക അക്കൗണ്ടിലെത്തിയെന്ന സന്ദേശം വന്നതെന്ന് ബ്രാഞ്ച് മാനേജര്‍ രോഹിത് ഗൗതം പറഞ്ഞു. പ്രശ്നം പരിഹരിക്കാനുളള നടപടിയെടുത്തെന്നും ബാങ്ക് വ്യക്തമാക്കി.