ഹിമാചൽ പ്രദേശ് : നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ വിറങ്ങലിച്ച് നിൽക്കുന്ന ഹിമാചൽ പ്രദേശിൽ ഇത് വരെ നഷ്ടപ്പെട്ടത് 72 ജീവനുകൾ എന്ന് റിപ്പോർട്ട്. 100 ലധികം പേർക്ക് പരിക്കേറ്റതായും, മോശം കാലാവസ്ഥയെ തുടർന്ന് ഇതുവരെ സംസ്ഥാനത്ത് 40 പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്. തുടർച്ചയായ മഴയിൽ സംസ്ഥാനത്തുടനീളം മേഘവിസ്ഫോടനങ്ങൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടായിട്ടുണ്ട്. 14 വ്യത്യസ്ത മേഘവിസ്ഫോടനങ്ങൾ സംസ്ഥാനത്തെ ബാധിച്ചതായും അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ നാശനഷ്ടമുണ്ടായതായും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു റിപ്പോർട്ട് ചെയ്തു.
സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്ററിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 541 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത് , എന്നാൽ യഥാർത്ഥ നഷ്ടം 700 കോടി രൂപയ്ക്ക് അടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, നാശനഷ്ടത്തിന്റെ റിപ്പോർട്ടുകൾ പല ഭാഗത്ത് നിന്നായി വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സംസസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികാരികൾ കണക്ക് കൂട്ടുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മാണ്ഡി ജില്ലയിൽ മാത്രം 176 റോഡുകൾ അടച്ചു. മിന്നൽ വെള്ളപ്പൊക്കത്തിൽ ആകെ 14 പാലങ്ങൾ ഒലിച്ചുപോയി, ഇത് ഗതാഗതത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കൂടുതൽ സ്തംഭിപ്പിച്ചു.