കാസർകോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെ, മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റിൽ വെച്ച് 67,50,000 രൂപയുടെ കുഴൽ പണം പിടികൂടി. പണം കൈമാറി വിടാനായി പ്രതി എക്സൈസ് ഉദ്യോഗസ്ഥർക്ക് 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ കൈക്കൂലി വാഗ്ദാനം ചെയ്തെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.
തലപ്പാടിയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടിയത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശി തോട്ടത്തിന്റവിടെ സമീർ (41) ആണ് അറസ്റ്റിലായത്. മംഗളൂരുവിൽ നിന്നും തലപ്പാടിയിലെത്തിയ സമീർ, തുടർന്ന് കുമ്പളയിലേക്കുള്ള സ്വകാര്യ ബസിൽ കയറുകയായിരുന്നു. ബസിൽ ആകെ അഞ്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇയാൾ ഈ തന്ത്രം പ്രയോഗിച്ചത്.
എന്നാൽ, കർണാടക ബസുകൾ കൂടുതൽ പരിശോധിക്കുന്ന എക്സൈസ് സംഘം ഈ സ്വകാര്യ ബസിലും പരിശോധന ആരംഭിച്ചു. സമീറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ നോട്ടു കെട്ടുകൾ കണ്ടെത്തിയത്.
പരിശോധനയിൽ കുടുങ്ങിയതോടെ സമീർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമം തുടങ്ങി. ബസിൽ വെച്ച് തന്നെ 50,000 രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തു. ബസിൽ നിന്ന് പുറത്തിറക്കി ചോദ്യം ചെയ്തപ്പോൾ വാഗ്ദാനം ഒരു ലക്ഷമായി ഉയർന്നു.
എന്നാൽ, അറസ്റ്റ് സംബന്ധിച്ച് സമീറിന്റെ ബന്ധുവിനെ വിളിച്ചറിയിച്ചതിന് പിന്നാലെ മറ്റൊരു നമ്പറിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർക്ക് 10 ലക്ഷം രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തുകൊണ്ട് ഫോൺ വിളിയെത്തി. ഈ വാഗ്ദാനങ്ങൾ എല്ലാം നിരസിച്ച എക്സൈസ് സംഘം പ്രതിയെയും പണവും തുടർനടപടികൾക്കായി മഞ്ചേശ്വരം പോലീസിന് കൈമാറി.
കുഴൽ പണ വേട്ടയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽ കുമാർ, എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജനാർദ്ദനൻ കെ.എ., പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) നൗഷാദ് കെ., സിവില്‍ എക്‌സൈസ് ഓഫീസർ പ്രശാന്ത് കുമാർ എന്നിവര്‍ പങ്കെടുത്തു.






