സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ കണ്ണൂരിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിൽ സൂര്യ പി.ആർ എന്ന സംരംഭകയുടെ ഉടമസ്ഥതയിലുള്ള കേരള ചിക്കൻ ഫാമിൽ വെള്ളം കയറി വിൽപനയ്ക്ക് വെച്ചിരുന്ന 6300 കോഴികളാണ് ദാരുണമായി ചത്തൊടുങ്ങിയത്. പ്രകൃതിക്ഷോഭത്തിൽ ഫാം പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും, കോഴികൾക്ക് പുറമെ 39 ചാക്ക് കോഴിത്തീറ്റ കൂടി വെള്ളത്തിൽ ഒഴുകിപ്പോവുകയും ചെയ്തത് സംരംഭകയ്ക്ക് വലിയൊരു ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി, പൂർണ്ണ വളർച്ച എത്തിയ ശേഷം കുടുംബശ്രീക്ക് തന്നെ തിരിച്ചു നൽകുന്ന വ്യവസ്ഥയിലായിരുന്നു ഈ ഫാം പ്രവർത്തിച്ചിരുന്നത്. പുതുതായി ആരംഭിച്ച ഈ ഫാമിൽ വിൽപനയ്ക്കായി പൂർണ്ണമായും തയ്യാറാക്കി നിർത്തിയിരുന്ന കോഴികളാണ് ഒഴുക്കിലും വെള്ളക്കെട്ടിലും പെട്ട് ചത്തത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഈ വനിതാ സംരംഭകയ്ക്ക് ഉണ്ടായിരിക്കുന്നത്.
ALSO READ;2018 ആവർത്തിക്കരുത്..! ‘ഇന്നു രാത്രിയും കരുതൽ വേണം, മിന്നൽ പ്രളയസാധ്യത’; അതിതീവ്ര ജാഗ്രത നിർദ്ദേശം
സംഭവമറിഞ്ഞ ഉടൻ തന്നെ ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ സ്വാതി. എസ് എന്നിവരടങ്ങിയ ഉന്നത ഉദ്യോഗസ്ഥ സംഘം ഫാം സ്ഥിതി ചെയ്യുന്ന പ്രദേശം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരന്തബാധിതയായ സംരംഭകയ്ക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.






