കുവൈത്ത് സിറ്റി: കാനഡയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60ാം വാർഷികം ആഘോഷിക്കുന്നു. 1965 ഏപ്രിൽ 27നാണ് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇതോടനുബന്ധിച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും നടത്തും. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ, കുവൈത്തിലെ കനേഡിയൻ അംബാസഡർ അലിയ മവാനി എന്നിവർ ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു.
യർമുക് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിനോടനുബന്ധിച്ച് കനേഡിയൻ സംഗീതജ്ഞൻ സ്റ്റീവ് ബറകത്, കുവൈത്തി പിയാനിസ്റ്റ് ഫൈസൽ അൽ ബിഹൈരി എന്നിവരെ പങ്കെടുപ്പിച്ച് സംഗീത വിരുന്നുമുണ്ടായിരുന്നു. സാംസ്കാരിക, സാമ്പത്തിക സഹകരണം, സാംസ്കാരിക വിനിമയം, വ്യാപാരം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ, കായികം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.