ആറ് മിനിറ്റ് രംഗത്തിന് ചിലവായത് 60 കോടി; അവസാന ഘട്ടത്തിലേക്ക് കടന്ന് പുഷ്പ2

ആറ് മിനിറ്റ് രംഗത്തിന് ചിലവായത് 60 കോടി; അവസാന ഘട്ടത്തിലേക്ക് കടന്ന് പുഷ്പ2

പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അല്ലു അര്‍ജുനനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ വേഷമിട്ടിരിക്കുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിക്കൊടുത്തിരുന്നു. ചിത്രത്തിന്റെ ഒടിടി, സാറ്റ്ലൈറ്റ് റൈറ്റ്സ് റെക്കോഡ് തുകയ്ക്കാണ് വിറ്റുപോയി എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി പതിപ്പിന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് ടി സീരീസ് 60 കോടിയ്ക്കാണ് വാങ്ങിയിരിക്കുന്നത്. ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 100 കോടിയ്ക്ക് സ്വന്തമാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയിലെ ഒരു ആറ് മിനിറ്റ് രംഗത്തിന് കോടികളാണ് അണിയറപ്രവര്‍ത്തകര്‍ മുടക്കിയിരിക്കുന്നത്. കര്‍ണാടകയിലും ആന്ധ്രയിലും ആഘോഷിക്കപ്പെടുന്ന ഗംജമ ജത്താര എന്ന നാടന്‍ കലാരൂപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സംഘട്ടന രംഗത്തിന് 60 കോടിയോളം ചെലവായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷമാണ് പുഷ്പ രണ്ടാംഭാഗം പുറത്തിറങ്ങുന്നത്. 500 കോടിയോളം മുതല്‍മുടക്ക് വരുന്ന ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവ് മേക്കേഴ്സാണ്. പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ദേവിശ്രീപ്രസാദാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പോളിഷ് ഛായാഗ്രാഹകന്‍ മിറോലോ ബ്രൊസേക്കാണ് ക്യാമറ. കാര്‍ത്തിക ശ്രീനിവാസ്, റൂബന്‍ എന്നിവരാണ് എഡിറ്റ്ങ് നിര്‍വഹിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ആഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യും.

Top