ചെന്നൈ: ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത ശേഷം അറസ്റ്റ് ചെയ്ത കാരയ്ക്കലിലെ 13 മത്സ്യത്തൊഴിലാളികളിൽ 6 പേരെ വിട്ടയച്ചു. ലോക്കൽ പൊലീസിന് കൈമാറിയ മത്സ്യത്തൊഴിലാളികളിൽ 6 പേരാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. വെടിവയ്പ്പിൽ പരുക്കേറ്റ 5 പേർ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വെടിവയ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ശ്രീലങ്കൻ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. പാക്ക് കടലിടുക്കിലെ നെടുന്തീവിനടുത്ത് (ഡെൽഫ് ദ്വീപ്) മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയാണ് കഴിഞ്ഞ ദിവസം വെടിവയ്പുണ്ടായത്. പരുക്കേറ്റവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം പുതുച്ചേരി സർക്കാരും നടത്തുന്നുണ്ട്.