ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് തങ്ങളുടെ ആദ്യ ചുവടുവെപ്പുമായി ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട. മാരുതി സുസുക്കി ഇ-വിറ്റാരയുടെ പ്ലാറ്റ്‌ഫോമിൽ ടൊയോട്ട ഒരുക്കിയ ‘അർബൻ ക്രൂയിസർ എബെല്ല’ ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി കമ്പനി രാജ്യത്തുടനീളം ആരംഭിച്ചു. 2026 മെയ് മാസത്തിൽ 45 യൂണിറ്റുകൾ ഡീലർഷിപ്പുകളിലേക്ക് എത്തിച്ചുകൊണ്ടാണ് ടൊയോട്ട എബെല്ലയുടെ വിപണി പ്രവേശം കുറിച്ചിരിക്കുന്നത്.
E1, E2, E3 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് ടൊയോട്ട എബെല്ല വിപണിയിലെത്തുന്നത്. ഇതിൽ ഉയർന്ന സ്പെസിഫിക്കേഷനുകളുള്ള E3 വേരിയന്റിന് (61kWh ബാറ്ററി പായ്ക്ക്) 23.60 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. സമാന പ്ലാറ്റ്‌ഫോമിൽ വരുന്ന മാരുതി ഇ-വിറ്റാരയുടെ പ്രാരംഭ വില 15.99 ലക്ഷം രൂപയാണ്. ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ്വ് ഇവി, എംജി ഇസെഡ്എസ് ഇവി എന്നിവയുമായാണ് എബെല്ല പ്രധാനമായും മത്സരിക്കുന്നത്. രണ്ട് ഫ്രണ്ട്-വീൽ-ഡ്രൈവ് ബാറ്ററി കോൺഫിഗറേഷനുകളിലാണ് ഈ എസ്‌യുവി ലഭ്യമാകുക. 49 kWh ബാറ്ററി പായ്ക്ക് ഏകദേശം 142 bhp പവർ ഉത്പാദിപ്പിക്കും.
നഗരയാത്രകൾക്ക് ഇത് കൂടുതൽ അനുയോജ്യമാണ്. 61 kWh ബാറ്ററി പായ്ക്ക് ഉയർന്ന വേരിയന്റിൽ വരുന്ന ഈ വലിയ ബാറ്ററി 171.5 bhp കരുത്തും 189 Nm ടോർക്കും നൽകും. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 543 കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ട് വേരിയന്റുകളിലും CCS2 ഡിസി ഫാസ്റ്റ് ചാർജിംഗും സാധാരണ എസി ചാർജിംഗും ലഭ്യമാണ്. ക്യാബിനിൽ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള ഡ്യുവൽ-സ്ക്രീൻ ലേഔട്ടാണ് ടൊയോട്ട ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വയർലെസ് കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും. മുൻ സീറ്റുകളിൽ വെന്റിലേഷൻ സൗകര്യം, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, പ്രീമിയം ജെബിഎൽ സൗണ്ട് സിസ്റ്റം. പിൻസീറ്റുകളിൽ സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
ഈ 5-സീറ്റർ പ്രീമിയം എസ്‌യുവിക്ക് മികച്ച ബോഡി ഘടനയ്ക്കൊപ്പം ഉയർന്ന സുരക്ഷാ ഫീച്ചറുകളും നൽകിയിട്ടുണ്ട്. 7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ. ടോപ്പ് വേരിയന്റുകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, കൊളീഷൻ അവോയ്ഡൻസ് (അപകട മുന്നറിയിപ്പ്), 360-ഡിഗ്രി ക്യാമറ എന്നിവയടങ്ങുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലഭ്യമാണ്. 18 ഇഞ്ച് മനോഹരമായ അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ്, ഷാർപ്പ് ഡിസൈൻ, ഡ്യുവൽ-ടോൺ പെയിന്റ് സ്കീം എന്നിവ കാറിന് സ്പോർട്ടി ലുക്ക് നൽകുന്നു.






