ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയുടെ സിംഹാസനം പിടിച്ചടക്കി ടാറ്റ മോട്ടോഴ്‌സിന്റെ കുട്ടി എസ്‌യുവിയായ ടാറ്റ പഞ്ച്. വർഷങ്ങളായി വിപണി ഭരിച്ചിരുന്ന മാരുതി സുസുക്കി ഡിസയർ, വാഗൺആർ തുടങ്ങിയ ജനപ്രിയ മോഡലുകളെ അപ്രസക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ജൂൺ മാസത്തിൽ ടാറ്റ പഞ്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറിയത്. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 ജൂണിൽ മാത്രം 21,006 യൂണിറ്റ് പഞ്ച് കാറുകളാണ് ടാറ്റ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ജൂണിലെ 10,446 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 101.09 ശതമാനത്തിന്റെ അവിശ്വസനീയമായ വാർഷിക വളർച്ചയാണ് പഞ്ച് കൈവരിച്ചിരിക്കുന്നത്.
വിൽപ്പന പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളും ടാറ്റ മോട്ടോഴ്‌സ് സ്വന്തമാക്കി എന്നത് ശ്രദ്ധേയമാണ്. ജൂണിൽ 18,335 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ നെക്‌സോൺ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. നെക്‌സോൺ 58.03 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. അതേസമയം, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാരുതി സുസുക്കി ഡിസയർ 17,899 യൂണിറ്റുകളുടെ വിൽപ്പനയുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാരുതി വാഗൺആർ 16,952 യൂണിറ്റുകളുമായി നാലാം സ്ഥാനത്താണ്. മാരുതി എർട്ടിഗ 16,111 യൂണിറ്റുകൾ (അഞ്ചാം സ്ഥാനം), മാരുതി സ്വിഫ്റ്റ്: 15,215 യൂണിറ്റുകൾ (ആറാം സ്ഥാനം), മഹീന്ദ്ര സ്കോർപിയോ: 14,097 യൂണിറ്റുകൾ (ഏഴാം സ്ഥാനം), മാരുതി ഫ്രോങ്ക്സ്: 13,135 യൂണിറ്റുകൾ (എട്ടാം സ്ഥാനം), മാരുതി ബലേനോ: 12,488 യൂണിറ്റുകൾ (ഒമ്പതാം സ്ഥാനം), ഹ്യുണ്ടായി വെന്യു: 10,776 യൂണിറ്റുകൾ (പത്താം സ്ഥാനം).
Also Read: ബെംഗളൂരു കുതിക്കും, അതും തുരങ്കത്തിലൂടെ! ഗൊരഗുണ്ടേപാളയയിൽ ബിഡിഎയുടെ വമ്പൻ പദ്ധതി
കുറഞ്ഞ വിലയിൽ ഒരു എസ്‌യുവി ലുക്ക് നൽകുന്നു എന്നതാണ് ടാറ്റ പഞ്ചിന്റെ പ്രധാന ആകർഷണം. 5.64 ലക്ഷം മുതൽ 10.67 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്‌സ്-ഷോറൂം വില വരുന്നത്. 88 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. പെട്രോൾ വേരിയന്റിൽ 18 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമ്പോൾ, മികച്ച ഡിമാൻഡുള്ള സിഎൻജി വേരിയന്റിൽ 27 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. ഇതിനെല്ലാപ്പുറമെ, സുരക്ഷയുടെ കാര്യത്തിൽ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാറുകളിലൊന്നാണിത്. ഈ സുരക്ഷാ മുൻഗണനയും മികച്ച മൈലേജുമാണ് മാരുതിയെ മറികടക്കാൻ പഞ്ചിനെ സഹായിച്ചത്.






