ഫുട്ബോൾ ലോകം കാത്തിരുന്ന മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം. ജൂൺ 11-ന് കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് പന്തുരുളും. കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാൻ 48 ടീമുകളും 1,248 താരങ്ങളും ബൂട്ടുണിയും. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിപുലമായ ഫോർമാറ്റിൽ ഒരു ലോകകപ്പ് നടക്കുന്നത്.
16 നഗരങ്ങളിലായി നടക്കുന്ന 104 ആവേശപ്പോരാട്ടങ്ങളാണ് ലോകകപ്പിന്റെ പ്രത്യേകത. കൂടുതൽ രാജ്യങ്ങൾക്ക് അവസരം നൽകുന്ന പുതിയ പരിഷ്‌കാരത്തിലൂടെ ഫുട്ബോൾ ഭൂപടം കൂടുതൽ വിപുലമായിരിക്കുകയാണ്. 357 പരിചയസമ്പന്നരായ താരങ്ങളും, ആദ്യമായി ലോകവേദിയിലെത്തുന്ന 891 പുതുമുഖങ്ങളും ഇത്തവണ കളത്തിലിറങ്ങുന്നു.
Also Read:കിരീടം കൈവിട്ടു, പക്ഷേ മനസ്സ് കീഴടക്കി; വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സീസൺ
ഫുട്ബോളിന്റെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ ആറാം ലോകകപ്പിനായി ബൂട്ടണിയുന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. ഇവരോടൊപ്പം മെക്സിക്കോയുടെ ഗോൾകീപ്പർ ഗിയർമോ ഒച്ചോവയും ആറാം ലോകകപ്പ് എന്ന അപൂർവ്വ നേട്ടത്തിലേക്ക് ചുവടുവെക്കുന്നു. പ്രായത്തിന്റെ കാര്യമെടുത്താൽ 43 വയസ്സുകാരനായ ക്രെയ്ഗ് ഗോർഡൻ ഏറ്റവും പ്രായം കൂടിയ താരമാകുമ്പോൾ, 17 വയസ്സുള്ള ഗിൽബെർട്ടോ മൊറയാണ് ഏറ്റവും പ്രായം കുറഞ്ഞ താരം.
കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർക്കൊപ്പം കാബോ വെർദെ, കുറസാവോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ നാല് രാജ്യങ്ങൾ തങ്ങളുടെ കന്നി ലോകകപ്പ് സ്വപ്നങ്ങളുമായാണ് എത്തുന്നത്. ഏഷ്യൻ കരുത്തരായ ഉസ്ബെക്കിസ്ഥാന്റെ വരവ് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.
ലോകമെമ്പാടുമുള്ള 449 ക്ലബ്ബുകളിൽ നിന്നുള്ള കളിക്കാർ ഈ ലോകകപ്പിൽ മാറ്റുരയ്ക്കുന്നു. പരിശീലകരുടെ നിരയിൽ മറ്റൊരു റെക്കോർഡ് കൂടി പിറക്കുന്നുണ്ട്. ഘാനയുടെ പരിശീലകനായ കാർലോസ് ക്വെയ്റോസ് തുടർച്ചയായ അഞ്ചാം തവണയാണ് ലോകകപ്പിൽ ഒരു ടീമിനെ നയിക്കുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമത്തെ പരിശീലകനായി അദ്ദേഹം മാറുന്നു. ഭൂഖണ്ഡങ്ങളുടെ അതിരുകൾ മായ്ച്ചുകളഞ്ഞ് ഫുട്ബോൾ എന്ന വികാരത്തിലേക്ക് ലോകം മുഴുവൻ ചുരുങ്ങുന്ന നാളുകൾക്കാണ് വടക്കേ അമേരിക്ക സാക്ഷ്യം വഹിക്കാൻ പോകുന്നത്.






