അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ ദാതാക്കളുടെ പട്ടികയിൽ യുഎഇ ഇടം നേടി. ഈ വർഷം മാത്രം രാജ്യാന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 146 കോടി ഡോളറാണ് (ഏകദേശം 12,170 കോടി രൂപ) യുഎഇ സംഭാവനയായി നൽകിയത്. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഓഫിസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടികയിലാണ് യുഎഇയുടെ ഈ നേട്ടം.
അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ മാത്രമാണ് യുഎഇക്ക് മുന്നിലുള്ളത്. ലോകമെമ്പാടുമുള്ള സംഘർഷങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ നൽകിയ മൊത്തം സംഭാവനകളുടെ (2028 കോടി ഡോളർ) 7 ശതമാനത്തിലധികം യുഎഇയാണ് വഹിച്ചത്.
Also Read:പണത്തിനു വേണ്ടി ഭീഷണി; പ്രവാസി തൊഴിലാളികളെ കെണിയിൽ വീഴ്ത്തിയ ക്രിമിനൽ സംഘം അറസ്റ്റിൽ
പ്രതിസന്ധികൾ, പ്രകൃതിദുരന്തങ്ങൾ, മാനുഷിക അടിയന്തരാവസ്ഥ എന്നിവയുണ്ടാകുമ്പോൾ ലോകത്ത് അതിവേഗം സഹായം എത്തിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. നിലവിലെ കണക്കനുസരിച്ച്, സംഘർഷം നിലനിൽക്കുന്ന ഗാസയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൽകിയ മൊത്തം രാജ്യാന്തര സഹായത്തിന്റെ 44 ശതമാനവും നൽകിയത് യുഎഇയാണ്.





