300 മിനി ബസുകൾ വാങ്ങും, കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും ; ഗണേഷ് കുമാർ

300 മിനി ബസുകൾ വാങ്ങും, കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും ; ഗണേഷ് കുമാർ

കൊല്ലം: ഗ്രാമങ്ങളിലൂടെ ഓടുന്നതിനായി സംസ്ഥാനത്ത് 300 കെഎസ്ആർടിസി മിനി ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആർടിസി ബസുകൾ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകൾ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവർ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകൾ കഴുകുന്നതിന് പവർഫുൾ കംപ്രസർ വാങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് വലിച്ചുവാരി റൂട്ട് പെർമിറ്റ് നൽകുന്നത് ഒഴിവാക്കും. ഇതിനായി എംഎൽഎമാർക്ക് കത്ത് നൽകിയിട്ടുണ്ട്.

വേഗപ്പൂട്ട് വിച്ഛേദിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വേഗപ്പൂട്ട് വിച്ഛേദിക്കുന്നതിന് പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരെ ക്രിമിനൽ കേസിൽ പ്രതിയാക്കും. കമ്പനിയാണ് ഇത് ചെയ്യുന്നതെങ്കിൽ അവരുടെ ഡീലർഷിപ്പ് റദ്ദ് ചെയ്യും. വേഗപ്പൂട്ട് പരിശോധന സംസ്ഥാനത്തുടനീളം തുടരും. ഓവർലോഡ് അല്ല ഓവർ സ്പീഡ് ആണ് അപകടം നടക്കുന്നതിന് കാരണമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ കൊടുത്തുതീർക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. രണ്ട് മാസത്തിനുള്ളിൽ ജീവനക്കാർക്ക് മാസം ആദ്യം തന്നെ ശമ്പളം നൽകും. ഇതിനായി മുഖ്യമന്ത്രിയുമായി ചർച്ച നടക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

Top