300 കി.മീ. ദൂരപരിധി, 3 മീറ്റർ കൃത്യത! ക്രൂയിസ് മിസൈലിന്റെ ശേഷിയോടെ ഇന്ത്യയുടെ ‘പിനാക മാർക്ക് 4’ വരുന്നു!

ക്രൂസ് മിസൈലുകളെപ്പോലെ പ്രവർത്തിക്കാനുള്ള ശേഷി പിനാക മാർക്ക് 4-ന് ലഭിക്കുന്നതോടെ, ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള ശേഷിയും കൂടും

300 കി.മീ. ദൂരപരിധി, 3 മീറ്റർ കൃത്യത! ക്രൂയിസ് മിസൈലിന്റെ ശേഷിയോടെ ഇന്ത്യയുടെ ‘പിനാക മാർക്ക് 4’ വരുന്നു!
300 കി.മീ. ദൂരപരിധി, 3 മീറ്റർ കൃത്യത! ക്രൂയിസ് മിസൈലിന്റെ ശേഷിയോടെ ഇന്ത്യയുടെ ‘പിനാക മാർക്ക് 4’ വരുന്നു!

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനകരമായ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമായ പിനാകയുടെ അടുത്ത തലമുറ പതിപ്പായ പിനാക മാർക്ക് 4 (Pinaka Mark-IV) വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. നിലവിലെ മാർക്ക് 3 പതിപ്പിനേക്കാൾ കാര്യക്ഷമതയും ആക്രമണപരിധിയും കൂടുതലുള്ള ഈ റോക്കറ്റ്, ചെലവ് കുറഞ്ഞതും എന്നാൽ ക്രൂയിസ് മിസൈലിന്റെ ശേഷിയുള്ളതുമായ ബഹുമുഖ ആയുധമായാണ് വിഭാവനം ചെയ്യുന്നത്. പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വൻ മുന്നേറ്റമുണ്ടാക്കാൻ ഈ പുതിയ ആയുധത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

300 കിലോമീറ്റർ ദൂരവും, മൂന്ന് മീറ്റർ കൃത്യതയും

300 കിലോമീറ്റർ വരെ ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കുന്ന ഗൈഡഡ് റോക്കറ്റ് ആയാണ് പിനാക മാർക്ക് 4 രൂപകൽപ്പന ചെയ്യുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കൃത്യതയാണ്. മൂന്ന് മീറ്ററിൽ താഴെ മാത്രം സർക്കുലർ എറർ പ്രോബബിൾ (CEP) കൈവരിക്കാൻ പുതിയ പിനാകയ്ക്ക് കഴിയും. അതായത്, ലക്ഷ്യസ്ഥാനത്ത് നിന്ന് മൂന്ന് മീറ്റർ ചുറ്റളവിൽ റോക്കറ്റ് പതിക്കുമെന്ന് ഉറപ്പാണ്. ഇത്രയും കുറഞ്ഞ സർക്കുലർ എറർ പ്രോബബിൾ (CEP) ഉള്ള റോക്കറ്റുകൾ ലോകത്ത് തന്നെ താരതമ്യേന കുറവാണ്. 250 കിലോഗ്രാം ഭാരമുള്ള പോർമുനയാണ് പുതിയ പിനാകയിലുണ്ടാവുക. ഒരു മൾട്ടി-ബാരൽ ലോഞ്ചറിൽനിന്ന് വെറും 44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ വരെ കൂട്ടമായി വിക്ഷേപിക്കാൻ ഈ സംവിധാനത്തിന് കഴിയും.

ചെലവ് കുറഞ്ഞ ക്രൂയിസ് മിസൈൽ ശേഷി

പിനാക മാർക്ക് 4 റോക്കറ്റ് ഒരു സാധാരണ ക്രൂയിസ് മിസൈൽ നിർമിക്കാൻ ആവശ്യമായതിനേക്കാൾ 25 ശതമാനം വരെ ചെലവ് കുറഞ്ഞതായിരിക്കും. ഈ കുറഞ്ഞ ചെലവ് യുദ്ധസമയങ്ങളിൽ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം, കൂട്ടായ ആക്രമണങ്ങൾ (Massed Salvo Launches) നടത്താൻ സൈന്യത്തെ സഹായിക്കും.

ക്രൂയിസ് മിസൈലുകളെപ്പോലെ പ്രവർത്തിക്കാനുള്ള ശേഷി പിനാക മാർക്ക് 4-ന് ലഭിക്കുന്നതോടെ, ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള ശേഷിയും കൂടും. സാധാരണ റോക്കറ്റുകൾക്ക് സാധിക്കാത്ത പ്രതിരോധം പുതിയ പിനാക സാധ്യമാക്കും. കൂടാതെ, ശത്രുവിന്റെ റഡാറുകൾക്ക് റോക്കറ്റിന്റെ സഞ്ചാരപാത ഗണിച്ചെടുക്കുന്നത് സങ്കീർണ്ണമാക്കുന്ന തന്ത്രങ്ങൾ (unpredictable maneuvers) നടത്താനും ഇതിന് സാധിക്കും. ഇതിനായി ‘മനുവറബിൾ റീഎൻട്രി വെഹിക്കിൾ’ (MRV) സാങ്കേതികവിദ്യയും സംയോജിപ്പിക്കാൻ സാധ്യതയുണ്ട്.

അത്യാധുനിക ഗൈഡൻസ് സംവിധാനം

ഡി.ആർ.ഡി.ഒയുടെ റിസർച്ച് സെന്റർ ഇമാററ്റ് (RCI) വികസിപ്പിച്ച അത്യാധുനിക ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ സിസ്റ്റം (GNC) ആണ് പിനാക മാർക്ക് 4-ന്റെ കൃത്യതയുടെ അടിസ്ഥാനം. ഇനേർഷ്യൽ നാവിഗേഷനും (INS) ഇന്ത്യൻ ഉപഗ്രഹ അധിഷ്ഠിത ഗതിനിർണയ സംവിധാനമായ IRNSS (നാവിക്),GPS സംവിധാനങ്ങളും
ഇതിൽ സംയോജിപ്പിക്കും.

ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലേക്ക് എത്താൻ ഇത് പിനാകയെ സഹായിക്കും. ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചാലും 10 മീറ്ററിൽ താഴെ കൃത്യത ഉറപ്പാക്കാൻ മില്ലിമീറ്റർ-വേവ് സീക്കർ ഉപയോഗിക്കും. കൂടാതെ, ശത്രുവിന്റെ റഡാർ നിരീക്ഷണങ്ങളെ മറികടക്കാൻ ഇലക്ട്രോണിക് കൗണ്ടർ മെഷേഴ്‌സ് (ECM) സംവിധാവും പുതിയ റോക്കറ്റിലുണ്ടാകും.

നാവികസേനയ്ക്കും പിനാക: 2030-ഓടെ വിന്യാസം

കരസേനയ്ക്ക് പുറമെ നാവികസേനയ്ക്ക് വേണ്ടിയുള്ള പ്രത്യേക വകഭേദവും ഡി.ആർ.ഡി.ഒ. വികസിപ്പിക്കുന്നുണ്ട്. തീരദേശ സുരക്ഷ ലക്ഷ്യമിട്ട് കരയിൽ സ്ഥാപിക്കുന്ന ഈ പിനാക സംവിധാനം, ഇന്ത്യയുടെ തീരത്തേക്ക് ലക്ഷ്യമാക്കി വരുന്ന ശത്രുവിന്റെ യുദ്ധക്കപ്പലുകളെ ആക്രമിക്കുക എന്ന ദൗത്യമാണ് നിർവഹിക്കുക. ഗൈഡഡ് സംവിധാനമുള്ളതിനാൽ കപ്പലുകളെ കൃത്യമായി ലക്ഷ്യമിടാൻ സാധിക്കും. 2030-ഓടെ ഈ സംവിധാനം വിന്യസിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്. ഡി.ആർ.ഡി.ഒയുടെ ആർമമെന്റ് ആന്‍ഡ് കോംബാറ്റ് എഞ്ചിനീയറിംഗ് ക്ലസ്റ്ററാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Share Email
Top