കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ ഒരു പോരിനാണ് മാധ്യമലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 24 ന്യൂസും റിപ്പോർട്ടർ ടിവിയും തമ്മിലുള്ള മത്സരം ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുകയാണ്. ഇരുചാനലുകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പരസ്പരം വാർത്തയാകുന്ന വിചിത്രമായ കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചുരുങ്ങിയ നേരം കൊണ്ട്, റേറ്റിംഗിന് വേണ്ടിയുള്ള മത്സരത്തിനപ്പുറം, കോടികളുടെ അഴിമതി ആരോപണങ്ങളിലേക്കും, പോലീസ് കേസുകളിലേക്കും ഈ പോര് വളർന്നിരിക്കുകയാണ്.
ഈ യുദ്ധത്തിലെ ഏറ്റവും പുതിയതും സ്ഫോടനാത്മകവുമായ അധ്യായം ആരംഭിക്കുന്നത് 2025 ഡിസംബർ 2-നാണ്. 24 ന്യൂസ് ചാനലിന്റെ ചെയർമാനും, അൽ-ഹിന്ദ് ഗ്രൂപ്പ് തലവനുമായ ആലുങ്കൽ മുഹമ്മദിനെതിരെ 2000 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു എന്ന ബ്രേക്കിംഗ് ന്യൂസുമായാണ് റിപ്പോർട്ടർ ടിവി രംഗത്തെത്തിയത്. നിലമ്പൂർ സ്വദേശിയായ അബ്ദുൾ സലാം നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് എഫ്.ഐ.ആർ ഇട്ടു എന്നതായിരുന്നു വാർത്ത. സൗദി അറേബ്യയിലെ ആശുപത്രി ശൃംഖലയുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ഉണ്ടാക്കി വൻതുക തട്ടിയെടുത്തു എന്നും, പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടകളെ വിട്ട് മർദ്ദിച്ചു എന്നുമാണ് ആരോപണം. സാധാരണഗതിയിൽ ഒരു ബിസിനസ് തർക്കമായി ഒതുങ്ങേണ്ടിയിരുന്ന ഈ വിഷയം, റിപ്പോർട്ടർ ടിവി ഏറ്റെടുത്തത് 24 ന്യൂസിനുള്ള കൃത്യമായ മറുപടിയായിട്ടാണ് എന്ന് വ്യക്തം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, 24 ന്യൂസ് ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കേരളത്തിലെ ഒരു പ്രമുഖ ചാനൽ, ബാർക്കിലെ ഉദ്യോഗസ്ഥന് ക്രിപ്‌റ്റോകറൻസി വഴി കൈക്കൂലി നൽകി റേറ്റിംഗിൽ കൃത്രിമം കാണിച്ചു എന്നായിരുന്നു 24 ന്യൂസിന്റെ കണ്ടെത്തൽ. അവർ പേര് പറഞ്ഞില്ലെങ്കിലും, വിരൽ ചൂണ്ടിയത് റിപ്പോർട്ടർ ടിവിയിലേക്കാണെന്ന് മാധ്യമലോകം തിരിച്ചറിഞ്ഞു. ‘ബെസ്റ്റ് മീഡിയ ഇൻഫോ’ പോലുള്ള ഏജൻസികൾ ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിടുകയും ചെയ്തതോടെ റിപ്പോർട്ടർ ടിവി പ്രതിരോധത്തിലാവുകയായിരുന്നു.
ഇതിന് മറുപടിയെന്നോണം, റിപ്പോർട്ടർ ടിവി തങ്ങളുടെ എഡിറ്റോറിയൽ നയം തന്നെ എതിരാളികളെ തുറന്നുകാട്ടുക എന്നതാക്കി മാറ്റി. എന്നാൽ 24 ന്യൂസും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. റിപ്പോർട്ടർ ടിവിയുടെ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെയുള്ള പഴയ ‘മുട്ടിൽ മരംമുറി കേസ്’ അവർ വീണ്ടും ചർച്ചയാക്കി. പ്രകൃതി കൊള്ള നടത്തുന്നവർ മാധ്യമ ധാർമ്മികത പ്രസംഗിക്കുന്നു എന്ന രീതിയിലായിരുന്നു 24 ന്യൂസിന്റെ പ്രതിരോധം.
ഈ സംഘർഷത്തിന്റെ ആദ്യ വിത്തുകൾ പാകിയത് മാധ്യമപ്രവർത്തകരുടെ ചാനൽ മാറ്റത്തിലൂടെയാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. 24 ന്യൂസിന്റെ മുഖമായിരുന്ന ഡോ. അരുൺ കുമാർ, സുജയ പാർവതി തുടങ്ങിയ പ്രമുഖ അവതാരകർ ചാനൽ വിട്ട് റിപ്പോർട്ടർ ടിവിയിലേക്ക് ചേക്കേറിയത് 24 ന്യൂസിന് വലിയൊരു തിരിച്ചടിയായിരുന്നു. ഇത് ഇരു മാനേജ്‌മെന്റുകളും തമ്മിലുള്ള ശീതസമരത്തിന് ആക്കം കൂട്ടിയിരുന്നത്രെ. പഴയ തട്ടകത്തിനെതിരെ ഈ അവതാരകർ തന്നെ ഇപ്പോൾ വാർത്തകൾ വായിക്കുന്നു എന്നത് 24 ന്യൂസിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.
Also Read: രാഹുൽ എവിടെ? കർണാടകയിലെ അനെകലിലെന്ന് സൂചന!
ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് കൈവിട്ടുപോയിരിക്കുകയാണ്. ഒരു വശത്ത് 2000 കോടിയുടെ തട്ടിപ്പ് ആരോപണവുമായി റിപ്പോർട്ടർ ടിവിയും, മറുവശത്ത് റേറ്റിംഗ് കൃത്രിമത്വവും മരംമുറി കേസും ആയുധമാക്കി 24 ന്യൂസും. ഇരു വിഭാഗവും ഉന്നയിക്കുന്ന ആരോപണങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്നത് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അതുവരെ ആരോപണങ്ങൾ ആരോപണങ്ങളായി തന്നെ തുടരും. പരസപരം താറടിച്ചുകൊണ്ടുള്ള ഈ ചാനലുകളുടെ മത്സരം വരും ദിവസങ്ങൾ കൂടുതൽ രൂക്ഷമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.






