അമൃത്‌സറിലെ ഖൽചിയാനിൽ ജീൻസ് ധരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പിതാവിന് നേരെ വെടിയുതിർത്ത 21-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്നേഹ്ദീപ് കൗർ എന്ന യുവതിയാണ് പിതാവ് പർമിന്ദർ സിങ്ങിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ പർമിന്ദറിനെ അമൃത്‌സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അമൃത്‌സറ‍് റൂറൽ എസ്.എസ്.പി സുഹൈൽ ഖാസിം മിർ അറിയിച്ചു.
മേയ് 14-ന് രാവിലെയാണ് സംഭവം നടന്നത്. വെടിയേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. പ്ലസ്ടു പഠനം കഴിഞ്ഞ സ്നേഹ്ദീപ് കൗറിന് ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പിതാവ് ഇതിനെ ശക്തമായി എതിർത്തു. ഒപ്പം മകൾ ജീൻസും ടോപ്പും ധരിക്കുന്നതിലും ഇയാൾക്ക് വിയോജിപ്പുണ്ടായിരുന്നു. വ്യക്തിപരവും ആശയപരവുമായ ഈ വ്യത്യാസങ്ങളെച്ചൊല്ലി മേയ് 14-ന് രാവിലെ വീട്ടിൽ വെച്ച് അച്ഛനും മകളും തമ്മിൽ കടുത്ത തർക്കമുണ്ടായി. പ്രകോപിതയായ യുവതി ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. പർമിന്ദറിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്.
Also Read: ചോദ്യപേപ്പർ ചോർത്തി നൽകി വിദ്യാർത്ഥിനിയെ ചൂഷണം ചെയ്യാൻ ശ്രമം; ലഖ്‌നൗ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ
കൃത്യത്തിന് ഉപയോഗിച്ച ലൈസൻസുള്ള റിവോൾവർ തോക്കും നാല് വെടിയുണ്ടകളും പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, വിദേശയാത്രയെച്ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന പോലീസ് വാദം കുടുംബം നിഷേധിച്ചു. അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






