കാലിഫോര്‍ണിയ: 2024 വൈആര്‍4 ഛിന്നഗ്രഹം (Asteroid 2024 YR4) 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത വീണ്ടുമുയർന്നു. ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആദ്യം വെറും 1.2 ശതമാനമായിരുന്നു ഉണ്ടായത്. പിന്നീട് ഇത് 2.3 ശതമാനവും 2.6 ശതമാനവുമായി നാസ ഉയര്‍ത്തിയിരുന്നു. ഇപ്പോൾ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 3.1 ശതമാനമായി നാസ ഉയര്‍ത്തിയിരിക്കുകയാണ്.
അതേസമയം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നേരിയ സാധ്യത മാത്രമാണ് ഉള്ളതെങ്കിലും ഈ ഛിന്നഗ്രഹം നമ്മുടെ ഗ്രഹത്തിന് ഭീഷണിയായി നാസ കണക്കാക്കുന്ന ഏറ്റവും പ്രധാന ബഹിരാകാശ വസ്തുവാണ്. 2032 ഡിസംബര്‍ 22നാണ് ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുക എന്നാണ് അനുമാനം. നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജക്റ്റ് പഠന കേന്ദ്രം 2024 വൈആര്‍4 ഛിന്നഗ്രഹത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Also Read: AI മോഡലുകളുടെ സെന്‍സര്‍ഷിപ്പ് മയപ്പെടുത്തി ഓപ്പണ്‍ എഐ
നാസയ്ക്ക് പുറമെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ചൈനയും ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വലിപ്പവും സഞ്ചാരപാതയും കൃത്യമായി കണക്കുകൂട്ടുകയാണ് ബഹിരാകാശ ഏജന്‍സികളുടെ മുന്നിലുള്ള വലിയ വെല്ലുവിളി. 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വലിപ്പം കൃത്യമായി നിര്‍ണയിക്കാന്‍ ഇതുവരെ ജ്യോതിശാസ്ത്രജ്ഞര്‍ക്കായിട്ടില്ലെങ്കിലും ഏകദേശ അനുമാനം 40-90 മീറ്ററാണ് (130-300 അടി).
നാസയുടെ ആസ്റ്റ്‌റോയ്‌ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് 2024 ഡിസംബറിൽ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഏകദേശം 130-300 അടി വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ, അതൊരു ചെറിയ നഗരത്തെ മുഴുവനായും നശിപ്പിച്ചേക്കാം എന്നാണ് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാലുണ്ടാകുന്ന സ്ഫോടനം 15 മെഗാടൺ TNT-ക്ക് തുല്യം ശേഷിയുള്ളതായിരിക്കും എന്നാണ്.