2024 ഏറ്റവും ചൂടേറിയ വർഷം; ഒടുവിൽ ഭയപ്പെട്ടത് സംഭവിക്കുന്നുവോ?

താപനില റെക്കോഡിന്റെ പുതിയ വാർത്തകൾ പുറത്ത് വരുമ്പോൾ ദീർഘ നാളായി ഈ മേഖലയിൽ നടക്കുന്ന ശ്രമങ്ങൾ പരാജയപ്പെടുകയാണോ എന്ന സംശയം ഉയർന്ന് വരികയാണ്

2024 ഏറ്റവും ചൂടേറിയ വർഷം; ഒടുവിൽ ഭയപ്പെട്ടത് സംഭവിക്കുന്നുവോ?
2024 ഏറ്റവും ചൂടേറിയ വർഷം; ഒടുവിൽ ഭയപ്പെട്ടത് സംഭവിക്കുന്നുവോ?

മേരിക്ക കാട്ടു തീയിൽ വെന്തുരുകുന്ന വാർത്തകൾ ലോകത്തെ മുഴുവൻ അസ്വസ്ഥമാക്കുമ്പോഴാണ് 2024 ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു എന്ന പാരീസിലെ കാലാവസ്ഥാ ഏജൻസികളുടെ വാർത്തകൾ പുറത്ത് വരുന്നത്. യൂറോപ്യൻ കോപ്പർ നിക്കസ് കാലാവസ്ഥാ സ്ഥാപനം പുറത്ത് വിട്ട ഡാറ്റ അനുസരിച്ച് ഭൂമി ആദ്യമായാണ് താപനില പരിധി കടക്കുന്നത്. 1.5 സെൽഷ്യസ് എന്ന പരിധി മറികടക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് ഒരു ദശാബ്ദത്തിന് മുൻപ് ലോക നേതാക്കൾ തുടങ്ങി വച്ച ശ്രമങ്ങളെല്ലാം പാഴാക്കി കൊണ്ടാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്. അന്ന് അവർ ഭയന്നത് പോലെ തന്നെ സംഭവിച്ചു. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ്റെ (WMO) കണ്ടെത്തൽ പ്രകാരം, 2024 ജനുവരി-സെപ്റ്റംബർ മാസങ്ങളിലെ ഉപരിതല വായുവിൻ്റെ ആഗോള ശരാശരി താപനില, മുമ്പുള്ള 1.54 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരോ വർഷവും താപനില വർധിക്കുന്നതിനെക്കുറിച്ച് ഡാറ്റകൾ പുറത്ത് വരുന്നുണ്ടെങ്കിലും 2024 ലെ താപ നില അവയെ എല്ലാം കടത്തി വെട്ടിയിരിക്കുന്നു.

മുൻ വർഷ താപനിലയുടെ റെക്കോഡ് മറി കടന്നു എന്ന് മാത്രമല്ല 2015 ലെ പാരീസ് ഉടമ്പടിയിൽ നിശ്ചയിച്ചിരുന്ന 1.5 സെൽഷ്യസ് എന്ന പരിധി കൂടി 2024 ലംഘിച്ചു. യൂറോപ്യൻ കമ്മീഷൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് സർവീസ്, ബ്രിട്ടനിലെ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനം, ജപ്പാനിലെ കാലാവസ്ഥാ ഏജൻസി എന്നിവയെല്ലാം ഒരേ നി​ഗമനത്തിൽ എത്തിയിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത ടീം നടത്തിയ പഠനത്തിലും 1.5 സെൽഷ്യസ് എന്ന താപനില പരിധി ലംഘിക്കപ്പെട്ടതായാണ് വ്യക്തമായിരിക്കുന്നത്. മറ്റ് ​ഗവേഷണ സ്ഥാപനങ്ങളുടെ ഡാറ്റകൾ ഇനിയും പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ. ഇവരുടെ കണ്ടെത്തലും മറ്റൊന്നാവാൻ സാധ്യതയില്ല.

2015 Paris agreement

Also Read: കടലിലേക്ക് മറഞ്ഞ ‘ടോങ്ക ഹുങ്കാ ഹാപായ്’! കപ്പലിനെ വിഴുങ്ങുന്ന തെമ്മാടി തിരകളും, മരുഭൂമിയായ കടലും…

അതീവ ​ഗുരുതരമായി കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി യു.എൻ. സെക്രട്ടറി നടത്തിയ 2025 ലെ പുതുവത്സര പ്രസം​ഗത്തിൽ ഹരിത ​ഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി ചില പദ്ധതികളും അദ്ദേഹം മുന്നോട്ട് വയ്ക്കുകയുണ്ടായി. ആഗോള താപനം മന്ദഗതിയിലാക്കാൻ ഹരിത ഗൃഹ വാതക പുറന്തള്ളൽ ഗണ്യമായി കുറയ്ക്കൽ, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം, പരിസ്ഥിതിയിൽ ഫോസിൽ ഇന്ധന വ്യവസായത്തിൻ്റെ ആഘാതം പരിമിതപ്പെടുത്തുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കൽ തുടങ്ങിയ ആശയങ്ങളാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്.

ഹരിത ​ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഉയരുന്നതാണ് ചൂട് വർധിക്കാനുള്ള കാരണമായി കരുതുന്നത്. ഈ കണ്ടെത്തൽ ഇവയുടെ ബഹിർ​ഗമനം കുറയ്ക്കാൻ അന്താരാഷ്ട്ര തലത്തിൽ വർഷങ്ങളായി നടക്കുന്ന ശ്രമങ്ങൾ നിഷ്പ്രഭമാവുകയാണെന്നതിന്റെ തെളിവാണ്. ഇത് താപ വർധനയോടൊപ്പം സമുദ്ര നിരപ്പ് ഉയരുകയും മ‍ഞ്ഞു പാളികൾ ഉരുകുകയും ചെയ്യുന്ന ​ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി പറഞ്ഞിരുന്നു. കഴിഞ്ഞ 1,25000 വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവസാന പത്ത് വർഷങ്ങൾ ഏറ്റവും ചൂട് കൂടിയ വർഷങ്ങളായിരുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അവയിൽ 2024 ലേതാണ് ഏറ്റവും ഉയർന്ന താപനില. – കോപ്പർനിക്കസ് റിപ്പോർട്ടനുസരിച്ച് ,2024 ജൂലൈ 10, ആഗോള ശരാശരി താപനില 17.16°C (62.89°F) എന്ന ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസത്തിൻ്റെ റെക്കോർഡ് സ്വന്തമാക്കി.

wild fire

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോ​ഗമാണ് വർദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധിക്ക് പിന്നിലെ ആദ്യത്തെ പ്രതി. 2022ൽ കടലിനടിയിൽ ഉണ്ടായ സ്ഫോടനം ഭൂമിയെ തണുപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. സ്പെയിനിലെ വെള്ളപ്പൊക്കം, ഹെലൻ ചുഴലിക്കാറ്റ്, കാലിഫോർണിയയെ വിഴുങ്ങി കൊണ്ടിരിക്കുന്ന കാട്ടുതീ ഇവയൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ​ഗുരുതര പ്രത്യാഘാതങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപായ സൂചനകൾ നിരന്തരം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷമാദ്യം അത് കാട്ടു തീയുടെ രൂപത്തിലാണ് എത്തിയിരിക്കുന്നത്. കാലിഫോർണിയയിൽ ഇതാദ്യമായല്ല കാട്ടു തീ പടരുന്നത്. ഏതാനും മാസങ്ങളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്കൊപ്പം കാലാവസ്ഥ വ്യതിയാനം കൂടി അതിന് ആക്കം കൂട്ടിയിരിക്കുകയാണ്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ വരുത്തി വയ്ക്കുന്ന സാമ്പത്തിക നഷ്ടം അമ്പരപ്പിക്കുന്നതാണ്. ഇൻഷുറൻസ് സ്ഥാപനമായ മ്യൂണിച്ച് റേയുടെ റിപ്പോർട്ട് പ്രകാരം 2024 ൽ മാത്രം 140 ബില്യണിന്റെ നഷ്ടമാണ് പ്രകൃതി ദുരന്തം നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് വടക്കേ അമേരിക്കയിലാണ്. ഉയരുന്ന താപനില ഇടയ്ക്കിടെയുള്ളതും തീവ്രമായ പ്രകൃതിദുരന്തങ്ങളിലേക്കും നയിക്കും. ഇത് ജീവനും സ്വത്തിനും വലിയ നാശ നഷ്ടമുണ്ടാക്കും. ചൂടുള്ള താപനില രോഗങ്ങളുടെ വ്യാപനം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ വർദ്ധിപ്പിക്കും. താപനില വർദ്ധനവ് സൂക്ഷ്മമായ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുകയും ജൈവ വൈവിധ്യത്തിൻ്റെ നഷ്ടത്തിലേക്ക് നയിക്കുകയും പ്രകൃതിവിഭവങ്ങളുടെ ദൗർലഭ്യത്തിന് കാരണമാകുകയും ചെയ്യും.

symbolic image

Also Read: കലാപമടങ്ങാതെ മൊസാമ്പിക്, അഭയാർത്ഥി പ്രവാഹത്തിൽ മലാവി

താപനില റെക്കോഡിന്റെ പുതിയ വാർത്തകൾ പുറത്ത് വരുമ്പോൾ ദീർഘ നാളായി ഈ മേഖലയിൽ നടക്കുന്ന ശ്രമങ്ങൾ പരാജയപ്പെടുകയാണോ എന്ന സംശയം ഉയർന്ന് വരികയാണ്. താപനില കുറയ്ക്കുന്നതിനുള്ള പാരീസ് ഉടമ്പടിയിലെ നിർദേശങ്ങൾ പലപ്പോഴും കർശനമായി നടപ്പാക്കുന്നതായി കണ്ടിട്ടില്ല. അവ നടപ്പിലാക്കുന്നതിലുണ്ടായ വിട്ടു വീഴ്ചകൾ നിലവിലെ സ്ഥിതിക്ക് കാരണമായിട്ടുണ്ട്. പാരീസ് ഉടമ്പടിയിലെ ഉത്തരവുകൾ അം​ഗങ്ങൾ സ്വമേധയാ നിറവേറ്റേണ്ടവയാണ്. അവിടെ ഒരു കർശന മോണിറ്ററിം​ഗ് സംവിധാനം ഇല്ലാത്തത് സ്ഥിതി ​ഗതികൾ വഷളാക്കുന്നു.

Also Read: സെലെൻസ്കിയെ യുക്രെയ്ൻ ജനതയ്ക്ക് വിശ്വാസമില്ല, യഥാർത്ഥ സംഘർഷം രാജ്യത്തിനകത്ത്

ഹരിത ​ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൻ‌റെ ഉത്തരവാദിത്തം വികസ്വര രാജ്യങ്ങൾക്ക് മേൽ ചുമത്തി തടിയൂരാനുള്ള സമ്പന്ന രാജ്യങ്ങളുടെ ശ്രമവും ആ​ഗോള താപനം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളെ തകർക്കുന്നു. പുനരുപയോ​ഗ സാധ്യമായ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം വളരെ സാവധാനത്തിലാണ് നടക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉൽപ്പാദനത്തിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആ​ഗോള പദ്ധതികൾക്ക് തടസ്സം സൃഷ്ടിക്കുന്നു. അന്തർദേശീയ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ എന്നിവയ്ക്കിടയിൽ വേണ്ടത്ര ഏകോപനവും സഹകരണവും ഇല്ലാത്തതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ തടയുന്നതിനുള്ള പ്രവർ‌ത്തനങ്ങൾ പലപ്പോഴും പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണ്.

Share Email
Top