ആലപ്പുഴ: ചെന്നിത്തലയിലെ പ്രവാസിയുടെ വീട്ടിൽ നിന്ന് ഏഴു മാസം മുൻപ് 20 പവൻ സ്വർണം മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയും മാന്നാർ പോലീസിന്റെ പിടിയിലായി. ശൂരനാട് സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി ചവറ ശങ്കരമംഗലം സ്വദേശി ശ്രീകുമാർ (ചില്ല് ശ്രീകുമാർ) രണ്ടാഴ്ച മുൻപ് പിടിയിലായിരുന്നു.
ഈ വർഷം ജനുവരി 30-നാണ് ചെന്നിത്തലയിലെ വീട്ടിൽ വൻ കവർച്ച നടന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി ശ്രീകുമാർ മറ്റൊരു കേസുമായി ബന്ധപ്പെട്ട് നൂറനാട് പോലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ ചെന്നിത്തലയിലെ മോഷണവിവരം പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മാന്നാർ പോലീസ് ജയിലിലെത്തി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ സന്തോഷ് കുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പോലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ സന്തോഷ് ആദ്യം പീരുമേട്ടിലേക്കും പിന്നീട് ഏറ്റുമാനൂരിലേക്കും ഒളിവിൽ പോയെങ്കിലും പോലീസ് ഇയാളെ വലയിലാക്കുകയായിരുന്നു. ഓച്ചിറ, വളളികുന്നം, നൂറനാട് പോലീസ് സ്റ്റേഷൻ അതിർത്തികളിൽ മാലപൊട്ടിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സന്തോഷ് എന്ന് പോലീസ് പറഞ്ഞു.






