ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഒരുദിവസം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയേയും വയനാട് എംപി പ്രിയങ്ക ഗാന്ധിയേയും കെ.സി. വേണുഗോപാലിനേയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവന് മുന്നിലെ ആൽമരത്തിന് കീഴിൽ ഏകദേശം ഒമ്പത് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണ് പോലീസ് നടപടി. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ സ്ഥലത്ത് അരങ്ങേറിയത് ഏറെ നാടകീയമായ രംഗങ്ങളായിരുന്നു.
ആദ്യം കോൺഗ്രസ് പ്രവർത്തകരേയും എംപിമാരേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ചുറ്റും പോലീസ് വലയം തീർത്തു. ഇതിനിടെ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ സ്ഥലത്തുനിന്ന് മാറ്റിയതിനാൽ രാഹുലിനേയും മറ്റ് നേതാക്കളേയും കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പുറത്തുവന്നില്ല. പിന്നീട് കോൺഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പോലീസ് നടപടിയുടെ നിരവധി വീഡിയോകൾ പുറത്തുവിട്ടു.
തങ്ങൾ ഇവിടെനിന്ന് മാറില്ലെന്നും വേണമെങ്കിൽ ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുൽ നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് പോലീസ് നടപടിയോട് സഹകരിക്കാതെ നിന്ന രാഹുലിനെ പതിനെട്ടോളം പോലീസുകാർ ചേർന്നാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. പോലീസ് വാഹനത്തിൽ കയറ്റിയ ശേഷവും ജനലിലൂടെ പുറത്തേക്ക് ഇറങ്ങാൻ അദ്ദേഹം ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സമാനമായി വനിതാ പോലീസുകാർ ബലം പ്രയോഗിച്ചാണ് പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയത്. കെ.സി. വേണുഗോപാലിനേയും ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദീർഘനേരം നീണ്ട പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കും ഒടുവിലാണ് രാഹുൽ ഗാന്ധി പോലീസിനോട് സഹകരിച്ചത്. പിന്നീട് പോലീസ് വാഹനത്തിനുള്ളിൽ എയർപോഡ് ചെവിയിൽ വെച്ച് ഫോൺ ഉപയോഗിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച്, നരേന്ദ്രമോദി പരിഭ്രാന്തിയിലാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ പിന്നോട്ടില്ലെന്നും കോൺഗ്രസ് കുറിച്ചു. മറ്റൊരു വീഡിയോക്കൊപ്പം ‘എല്ലാം ഓർത്തുവെക്കപ്പെടും’ എന്നും ‘ഇതാണ് മോദിക്ക് കീഴിലുള്ള ജനാധിപത്യം’ എന്നും കോൺഗ്രസ് പ്രതികരിച്ചു. ബ്രിട്ടീഷുകാർക്കെതിരെ പോരാടി വിജയിച്ചവരാണ് തങ്ങളെന്നും വോട്ടുകള്ളന്മാർക്കെതിരെയുള്ള പോരാട്ടവും വിജയിക്കുമെന്നും മറ്റൊരു കുറിപ്പിൽ കോൺഗ്രസ് വ്യക്തമാക്കി. ‘ഞങ്ങൾ മറക്കുമെന്ന് കരുതരുത്. കാലം മാറും. കണക്കുകൾ തീർക്കും’ എന്ന മുന്നറിയിപ്പും കോൺഗ്രസ് പങ്കുവെച്ച ദൃശ്യങ്ങൾക്കൊപ്പം നൽകി. സംഭവത്തോടെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ഡൽഹിയിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.






