കൊളവല്ലൂർ: കോഴിക്കോട് ചേവായൂർ സ്വദേശിനിയായ പതിനാറുകാരിയെ ഒരുമാസത്തോളം വാടകവീട്ടിൽ ഒളിവിൽ താമസിപ്പിച്ചു പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പുല്ലൂക്കര കായിത്തീന്റപറമ്പത്ത് സുഹൈൽ (37) ആണ് മൈസൂരുവിൽ വെച്ച് പോലീസിന്റെ പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കൊളവല്ലൂർ പോലീസും ചേർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മേയ് 15-ന് രാത്രിയാണ് ചേവായൂരിലെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെറ്റക്കണ്ടിയിലുള്ള വാടകവീട്ടിൽ മേയ് 17 മുതൽ ജൂൺ 20 വരെ പെൺകുട്ടിയെ സുഹൈൽ ഒളിവിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. ജൂൺ 20-ന് കൊളവല്ലൂർ പോലീസ് ഈ വാടകവീട്ടിൽ നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോകാൻ സഹായിച്ചവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ചേവായൂർ പോലീസും നിലവിൽ കേസെടുത്തിട്ടുണ്ട്. പിടിയിലായ സുഹൈൽ മറ്റ് പല കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് പോലീസ് വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ ഒരു പ്രമുഖ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ കവർന്ന കേസിൽ ആന്ധ്ര പോലീസും ദീർഘനാളായി അന്വേഷിച്ചുവരുന്ന പ്രതിയാണ് ഇയാൾ.






