ആന്റിബയോട്ടിക് മരുന്നുകളെ പോലും പ്രതിരോധിക്കുന്ന മാരക ബാക്ടീരിയകളെ നേരിടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ഗവേഷകർ പുതിയ 16 ജൈവ വൈറസുകൾ വിജയകരമായി വികസിപ്പിച്ചു. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയും ആർക് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ ഈ മുന്നേറ്റം ഫേജ് തെറപ്പി എന്ന ചികിത്സാ ശാഖയിൽ വലിയ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
മനുഷ്യരെ നേരിട്ട് ബാധിക്കാത്തതും ബാക്ടീരിയകളെ മാത്രം നശിപ്പിക്കുന്നതുമായ ബാക്ടീരിയഫേജ് വൈറസ് വിഭാഗത്തിൽപ്പെട്ടവയാണ് ഈ പുതിയ കണ്ടെത്തലുകൾ. ദശലക്ഷക്കണക്കിന് ജീവികളുടെ ജനിതകവിവരങ്ങൾ വിശകലനം ചെയ്യാൻ കഴിയുന്ന ഇവോ 1, ഇവോ 2 എന്നീ നൂതന എഐ മോഡലുകളാണ് ഇതിനായി ഗവേഷകർ ഉപയോഗിച്ചത്. ലബോറട്ടറി പരീക്ഷണങ്ങളിൽ ഈ എഐ നിർമിത വൈറസുകൾ ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള ഇ.കോളി ബാക്ടീരിയകളെ ഫലപ്രദമായി നശിപ്പിച്ചതായി തെളിഞ്ഞു.
എന്നാൽ ഈ നേട്ടത്തിനൊപ്പം വലിയ തോതിലുള്ള ആശങ്കകളും ഉയരുന്നുണ്ട്. ഭാവിയിൽ മനുഷ്യർക്ക് ഹാനികരമായേക്കാവുന്ന വൈറസുകളെയും കൃത്രിമ ജൈവായുധങ്ങളെയും നിർമിക്കാൻ എഐ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സങ്കീർണ്ണമായ ജീവരൂപങ്ങളെ സൃഷ്ടിക്കാൻ മനുഷ്യർക്ക് ഇതുവരെ പൂർണ്ണമായി സാധിച്ചിട്ടില്ലെങ്കിലും, സാങ്കേതികവിദ്യയുടെ വളർച്ച പുതിയ സുരക്ഷാ വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജനറേറ്റീവ് എഐയുടെ ഈ പുതിയ കാലഘട്ടത്തിൽ ശാസ്ത്രീയ മുന്നേറ്റങ്ങൾക്കൊപ്പം ശക്തമായ നിയന്ത്രണങ്ങളും അത്യാവശ്യമാണെന്നാണ് ബയോസെക്യൂരിറ്റി വിദഗ്ധരുടെ വിലയിരുത്തൽ.






