മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ പൊലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളായ സാഗർ മൊല്ല (26), ദിബാകർ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പള്ളിത്താഴത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിയ ഇവർ അവിടെനിന്ന് ഓട്ടോറിക്ഷയിൽ മൂവാറ്റുപുഴയിലേക്ക് കടക്കുന്നതിനിടെ അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബംഗാളിൽ നിന്ന് ഒരു കിലോയ്ക്ക് കേവലം ആയിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇരുപത്തയ്യായിരം രൂപയ്ക്കാണ് ഇവർ വിറ്റിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Also Read: പുതുപ്പള്ളിയിൽ വൻ മോഷണം; റബർ ബോർഡ് ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 100 പവൻ കവർന്നു
സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം എറണാകുളം റൂറൽ പരിധിയിൽ നടക്കുന്ന മൂന്നാമത്തെ വലിയ ലഹരിവേട്ടയാണിത്. നേരത്തെ ആലുവയിൽ നിന്ന് 69 ഗ്രാം രാസലഹരിയുമായി ബിലാൽ എന്ന യുവാവിനെയും, അങ്കമാലിയിൽ നിന്ന് 19 ഗ്രാം എം.ഡി.എം.എയുമായി അനന്ദുവിനെയും പൊലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ് മാർഗമാണ് ഇവർ രാസലഹരി കേരളത്തിലെത്തിച്ചിരുന്നത്.






