സൗദിയിൽ നിയമലംഘനത്തിന് 14,796 പേർ അറസ്റ്റിൽ..!

താമസവും തൊഴിലും അതിർത്തി നിയമങ്ങളും ലംഘിച്ചവർ പിടിയിൽ

സൗദിയിൽ നിയമലംഘനത്തിന്  14,796 പേർ അറസ്റ്റിൽ..!
സൗദിയിൽ നിയമലംഘനത്തിന്  14,796 പേർ അറസ്റ്റിൽ..!

അൽ ഖോബാർ: സൗദി അറേബ്യയിൽ നിയമലംഘകർക്കെതിരെ പരിശോധന കർശനമാക്കി ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 3 മുതൽ 9 വരെ രാജ്യത്തുടനീളം വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 14,796 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 7,504 പേർ താമസനിയമം ലംഘിച്ചവരും 3,783 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,509 പേർ തൊഴിൽ നിയമലംഘകരുമാണ്.

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,273 പേരെയും സുരക്ഷാസേന പിടികൂടി. ഇവരിൽ 55 ശതമാനം ഇത്യോപ്യൻ പൗരന്മാരും 44 ശതമാനം യമൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തുനിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 25 പേരെയും നിയമലംഘകർക്ക് താമസമോ യാത്രാസൗകര്യമോ ഒരുക്കി സഹായിച്ച 21 പേരെയും അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി 12,057 പേരെ ഇതിനകം നാടുകടത്തി.

ALSO READ:മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം..! ഒടുവിൽ ആശ്വാസം; ലോഹക്കഷണം തുളഞ്ഞുകയറിയത് 1993ലെ സ്‌ഫോടനത്തിൽ

യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 18,677 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധി കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. യാത്രാ ടിക്കറ്റുകളും മറ്റ് വിവരങ്ങളും ലഭ്യമാക്കുന്നതിനായി 3,487 പേരെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു. നിലവിൽ 28,529 പുരുഷന്മാരും 1,728 സ്ത്രീകളും ഉൾപ്പെടെ 30,257 പ്രവാസികളാണ് വിവിധ ഘട്ടങ്ങളിലുള്ള തുടർ നിയമനടപടികൾക്ക് വിധേയരാകുന്നത്.

അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്തുകയോ താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കുകയോ മറ്റ് രീതിയിൽ സഹായിക്കുകയോ ചെയ്യുന്നത് കടുത്ത കുറ്റകൃത്യമായി പരിഗണിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാം. നിയമലംഘകരെ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും അവരെ താമസിപ്പിക്കാൻ നൽകിയ വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share Email
Top