ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനത്തിനൊപ്പം അപൂർവ ചരിത്രനേട്ടം കൂടി സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.
മത്സരത്തിനിറങ്ങുമ്പോൾ ഈ നേട്ടത്തിലെത്താൻ കോഹ്‌ലിക്ക് 12 റൺസ് കൂടി മാത്രമായിരുന്നു ആവശ്യമായിരുന്നത്. ഇന്ത്യൻ ഇന്നിങ്‌സിന്റെ ഏഴാം ഓവറിലാണ് താരം ഈ ചരിത്ര നാഴികക്കല്ല് പിന്നിട്ടത്. കേവലം 251 ഇന്നിങ്‌സുകളിൽ നിന്നാണ് മൂന്നാം നമ്പറിൽ കോഹ്‌ലി 13,000 റൺസ് തികച്ചത്. 61.55 എന്ന ഉയർന്ന ശരാശരിയിൽ ഈ പൊസിഷനിൽ നിന്ന് മാത്രം 48 സെഞ്ചുറികളും 70 അർധസെഞ്ചുറികളും കോഹ്‌ലി അടിച്ചുകൂട്ടിയിട്ടുണ്ട്.
Also Read: മഴയും കടന്ന് ഇന്ത്യയുടെ വിജയക്കുതിപ്പ്! കോഹ്‌ലിയുടെ ബാറ്റിംഗ് മികവിൽ കിവീസിനെ തകർത്തു
ഏകദിനത്തിൽ ഏതെങ്കിലും ഒരു നിർദിഷ്ട ബാറ്റിങ് പൊസിഷനിൽ 13,000-ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് കോഹ്‌ലി. നേരത്തെ ഓപ്പണറായി ബാറ്റ് ചെയ്ത് 13,685 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഈ പട്ടികയിൽ മുൻപിലുള്ളത്. മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് (12,662 റൺസ്), ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര (9,747 റൺസ്) എന്നിവരാണ് കോഹ്‌ലിക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.






