12 അംഗങ്ങളിൽ 11 പേരും ഒരേ നിലപാടിൽ..! മൂന്ന് മക്കളെയും കൊന്ന കേസ്; അമേരിക്കയിൽ വിചാരണ അസാധുവായി

36കാരിയായ ക്ലാൻസി തന്റെ മൂന്ന് മക്കളായ അഞ്ച് വയസ്സുകാരി കോറ, മൂന്ന് വയസ്സുകാരൻ ഡോസൺ, എട്ട് മാസം പ്രായമുള്ള കാലൻ എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാര്യം നിഷേധിച്ചിട്ടില്ല

12 അംഗങ്ങളിൽ 11 പേരും ഒരേ നിലപാടിൽ..! മൂന്ന് മക്കളെയും കൊന്ന കേസ്; അമേരിക്കയിൽ വിചാരണ അസാധുവായി
12 അംഗങ്ങളിൽ 11 പേരും ഒരേ നിലപാടിൽ..! മൂന്ന് മക്കളെയും കൊന്ന കേസ്; അമേരിക്കയിൽ വിചാരണ അസാധുവായി

അമേരിക്കയെ ഞെട്ടിച്ച ലിൻഡ്സെ ക്ലാൻസിയുടെ മൂന്ന് മക്കളുടെ കൊലപാതകക്കേസിൽ വിധിയില്ല. 12 അംഗ ജൂറിയിൽ 11 പേരും ക്ലാൻസിയെ മാനസികാവസ്ഥയുടെ പേരിൽ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തണമെന്ന നിലപാടിലെത്തിയെങ്കിലും ഒരാൾ അതിനെ അംഗീകരിക്കാതിരുന്നതോടെ ഏകകണ്ഠമായ തീരുമാനം ഉണ്ടാകാതെ വിചാരണ അസാധുവായി പ്രഖ്യാപിച്ചു. മസാച്യുസെറ്റ്സിലെ പ്ലൈമത്ത് കൗണ്ടി സുപീരിയർ കോടതിയിൽ വെള്ളിയാഴ്ച ജഡ്ജി വില്യം സള്ളിവനാണ് മിസ്ട്രയൽ പ്രഖ്യാപിച്ചത്. എന്നാൽ തീരുമാനം ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യാൻ പ്രതിഭാഗത്തിന് സമയം നൽകുന്നതിനായി പ്രഖ്യാപനം ഒരു മണിക്കൂർ വൈകിപ്പിക്കുകയും ചെയ്തു.

36കാരിയായ ക്ലാൻസി തന്റെ മൂന്ന് മക്കളായ അഞ്ച് വയസ്സുകാരി കോറ, മൂന്ന് വയസ്സുകാരൻ ഡോസൺ, എട്ട് മാസം പ്രായമുള്ള കാലൻ എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കാര്യം നിഷേധിച്ചിട്ടില്ല. എന്നാൽ പ്രസവാനന്തര മാനസിക വ്യതിയാനമായ ‘പോസ്റ്റ്പാർട്ടം സൈക്കോസിസ്’ ബാധിച്ചിരുന്നതിനാൽ സംഭവസമയത്ത് നിയമപരമായ ഉത്തരവാദിത്തം വഹിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തനിക്ക് കുട്ടികളെ കൊല്ലാൻ ഒരു ശബ്ദം നിർദേശിച്ചിരുന്നുവെന്നും ക്ലാൻസി കോടതിയിൽ പറഞ്ഞിരുന്നു. വിചാരണയ്ക്കിടെ സാക്ഷ്യം നൽകിയ വിദഗ്ധർ ആയിരം പ്രസവങ്ങളിൽ ഒന്നുമുതൽ രണ്ടുവരെയുള്ള സ്ത്രീകളെ ഈ അവസ്ഥ ബാധിക്കാമെന്നും വ്യക്തമാക്കി. അഞ്ച് ആഴ്ച നീണ്ട വിചാരണ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുകയും 80ലധികം സാക്ഷികൾ കോടതിയിൽ മൊഴി നൽകുകയും ചെയ്തു.

ALSO READ:‘ലവൻ’ പുലിയാണ് കേട്ടാ..! നേപ്പാൾ രക്ഷാപ്രവർത്തകരെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എങ്ങനെ നയിക്കുന്നു ?

2023 ജനുവരിയിൽ മസാച്യുസെറ്റ്സിലെ ഡക്സ്ബറിയിലുള്ള കുടുംബവീട്ടിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. കുട്ടികളുടെ മരണത്തിന് പിന്നാലെ ക്ലാൻസി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കരുതുന്ന രീതിയിൽ രണ്ടാം നിലയിലെ ജനലിലൂടെ ചാടുകയും അരക്കെട്ടിന് താഴെ തളർച്ച സംഭവിക്കുകയും ചെയ്തു. അമേരിക്കൻ നിയമപ്രകാരം 12 അംഗ ജൂറിയും ഒരേ വിധിയിലെത്തണം. അതിന് കഴിയാതെ വന്നതോടെയാണ് മിസ്ട്രയൽ പ്രഖ്യാപിച്ചത്. ഇനി കേസ് പുതിയ ജൂറിയുമായി വീണ്ടും കോടതിയിലെത്തിക്കണമോ എന്നത് പ്രോസിക്യൂഷന് തീരുമാനിക്കാം.

ക്ലാൻസി കുറ്റക്കാരിയാണെന്ന് പുതിയ ജൂറി കണ്ടെത്തിയാൽ ഒന്നാം ഡിഗ്രി കൊലപാതകത്തിന് പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവ് വരെ ലഭിക്കാം. രണ്ടാം ഡിഗ്രി കൊലപാതകമോ മനഃപൂർവമല്ലാത്ത നരഹത്യയോ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. അതേസമയം, മാനസികാവസ്ഥ കാരണം മരണങ്ങൾക്ക് നിയമപരമായി ഉത്തരവാദിയല്ലെന്ന് കോടതി കണ്ടെത്തിയാൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കപ്പെടാം. അഞ്ച് ആഴ്ച നീണ്ട ഈ വിചാരണയും ജൂറിയുടെ 11-1 എന്ന വിഭജനവും പ്രസവാനന്തര മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അമേരിക്കയിലെ ചർച്ചകൾക്കും വീണ്ടും ശ്രദ്ധ നൽകുന്നതായി മാറി.

Share Email
Top