ആകാശത്ത് ഇനി കളി മാറും! ഇന്ത്യ വാങ്ങുന്നത് 114 അത്യാധുനിക യുദ്ധവിമാനങ്ങൾ; ലക്ഷ്യം 3.25 ലക്ഷം കോടിയുടെ ചരിത്രപരമായ നീക്കം…

ആകാശത്ത് ഇനി കളി മാറും! ഇന്ത്യ വാങ്ങുന്നത് 114 അത്യാധുനിക യുദ്ധവിമാനങ്ങൾ; ലക്ഷ്യം 3.25 ലക്ഷം കോടിയുടെ ചരിത്രപരമായ നീക്കം…
ആകാശത്ത് ഇനി കളി മാറും! ഇന്ത്യ വാങ്ങുന്നത് 114 അത്യാധുനിക യുദ്ധവിമാനങ്ങൾ; ലക്ഷ്യം 3.25 ലക്ഷം കോടിയുടെ ചരിത്രപരമായ നീക്കം…

ആകാശത്ത് ഇനി കളി മാറുമോ? ഒന്നും രണ്ടുമല്ല. 114 അത്യാധുനിക യുദ്ധവിമാനങ്ങൾ! ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫൈറ്റർ ജെറ്റ് നീക്കങ്ങളിലൊന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കണക്കാക്കപ്പെടുന്ന മൂല്യം, ഏകദേശം 3.25 ലക്ഷം കോടി രൂപ. പക്ഷേ ഇവിടെ കഥ 114 വിമാനങ്ങൾ വാങ്ങുന്നതിൽ അവസാനിക്കുന്നില്ല. കാരണം ഇന്ത്യയുടെ ലക്ഷ്യം റാഫേൽ സ്വന്തമാക്കുക മാത്രമല്ല, റാഫേലിന്റെ കരുത്തിനൊപ്പം അതിന്റെ നിർമ്മാണത്തിന്റെ വലിയൊരു ഭാഗവും ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് നൽകിയ സൂചനകൾ പ്രകാരം പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും ബിഡുകളും വിശദമായ വിലയിരുത്തലിലാണ്. ഈ നടപടികൾ പൂർത്തിയായാൽ കൂടുതൽ വിശദമായ ചർച്ചകളിലേക്കും അന്തിമ തീരുമാനത്തിലേക്കും പദ്ധതി നീങ്ങും. നടപ്പു സാമ്പത്തിക വർഷത്തിനുള്ളിൽ സംഭരണ നടപടികളിൽ നിർണായക പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രമുഖ മാധ്യമമായ എ എൻ ഐയെ ഉ​ദ്ദരിച്ച് ഇന്ത്യൻ പ്രതിരോധ സേനയുടെ ഔദ്ധ്യോ​ഗിക വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പ്രകാരം പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത തദ്ദേശീയവൽക്കരണമാണ്. വിദേശത്ത് പൂർണമായി നിർമ്മിച്ച വിമാനങ്ങൾ വാങ്ങുന്നതിന് പകരം 114 വിമാനങ്ങളിൽ ഭൂരിഭാഗത്തിന്റെയും നിർമ്മാണത്തിലോ അസംബ്ലിയിലോ ഇന്ത്യയ്ക്ക് വലിയ പങ്കാളിത്തം വേണമെന്നാണ് ലക്ഷ്യം. വിമാന ഘടകങ്ങൾ, ഉപസംവിധാനങ്ങൾ, ഘടനാ ഭാഗങ്ങൾ, ഇലക്ട്രോണിക്സ്, ആയുധ സംയോജനം, പരിപാലനം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികളുടെ പങ്ക് വർധിപ്പിക്കാനാണ് നീക്കം. ഇന്ത്യൻ വ്യോമസേന ഇതിനകം 36 റാഫേൽ യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ മറൈൻ വിമാനങ്ങളും വാങ്ങുന്നുണ്ട്. എന്നാൽ പുതിയ 114 വിമാന പദ്ധതി ഇതിലും വലിയ വ്യാവസായിക പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ ആയുധങ്ങളും സംവിധാനങ്ങളും റാഫേൽ പ്ലാറ്റ്‌ഫോമിൽ കൂടുതൽ വ്യാപകമായി സംയോജിപ്പിക്കാൻ കഴിഞ്ഞാൽ രാജ്യത്തിന്റെ സ്വന്തം പ്രതിരോധ സാങ്കേതികവിദ്യകൾക്കും വലിയ മുന്നേറ്റമാകും എന്ന് വെബ്സെെറ്റി‌ൽ പറയുന്നു.

പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയിൽ വലിയൊരു റാഫേൽ നിർമ്മാണ-പിന്തുണ ശൃംഖല രൂപപ്പെടാനും സാധ്യതയുണ്ട്. വൻകിട പ്രതിരോധ കമ്പനികൾക്കൊപ്പം സ്വകാര്യ കമ്പനികൾക്കും എംഎസ്എംഇകൾക്കും വിതരണക്കാരായ സ്ഥാപനങ്ങൾക്കും അവസരങ്ങൾ ലഭിക്കാം. വിമാനങ്ങളുടെ നിർമ്മാണം മാത്രമല്ല, സ്പെയർ പാർട്സ്, അറ്റകുറ്റപ്പണി, അപ്ഗ്രേഡ്, ഇലക്ട്രോണിക്സ്, ആയുധ സംയോജനം തുടങ്ങിയ മേഖലകളിലും ദീർഘകാല വ്യവസായ സാധ്യതകൾ സൃഷ്ടിക്കപ്പെടും. ഇന്ത്യൻ വ്യോമസേനയുടെ നിലവിലെ പ്രധാന വെല്ലുവിളികളിലൊന്ന് ആവശ്യത്തിന് യുദ്ധവിമാന സ്ക്വാഡ്രണുകൾ ഇല്ലാത്തതാണ്. പഴയ വിമാനങ്ങൾ ഘട്ടംഘട്ടമായി സേവനത്തിൽ നിന്ന് പിന്മാറുമ്പോൾ പുതിയ വിമാനങ്ങളുടെ ആവശ്യകത കൂടുതൽ ശക്തമാകുന്നു. വ്യോമപ്രതിരോധം മുതൽ ദീർഘദൂര ആക്രമണം, കൃത്യതയുള്ള ആയുധപ്രയോഗം, സമുദ്ര മേഖലയിലെ ദൗത്യങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന മൾട്ടി-റോൾ വിമാനങ്ങൾ ഈ സാഹചര്യത്തിൽ നിർണായകമാണ് എന്നും വെബ്സെെറ്റ് ചുണ്ടിക്കാട്ടുന്നുണ്ട്.

Also Read: ആഗോള വിപണിയിൽ വിസ്മയമായി ‘ആകാശും’ ‘ബ്രഹ്മോസും’; പ്രതിരോധ കയറ്റുമതിയിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ!

എന്നാൽ ഇന്ത്യയുടെ ഭാവി റാഫേലിൽ മാത്രം ഒതുങ്ങുന്നില്ല. തദ്ദേശീയ തേജസ് എംകെ-2 പദ്ധതിയും അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയാണ്. ഏകദേശം 120 വിമാനങ്ങളുടെ ആവശ്യകത പരിഗണിക്കുന്നുണ്ടെങ്കിലും പരീക്ഷണങ്ങളും പ്രകടന വിലയിരുത്തലുകളും കഴിഞ്ഞായിരിക്കും അന്തിമ എണ്ണം തീരുമാനിക്കുക. പുതിയ സെൻസറുകൾ, ആയുധങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സോഫ്റ്റ്‌വെയർ അപ്ഗ്രേഡുകൾ എന്നിവ തുടർച്ചയായി ഉൾപ്പെടുത്താൻ കഴിയുന്ന പ്ലാറ്റ്‌ഫോമായാണ് തേജസ് എംകെ-2 വികസിപ്പിക്കുന്നത്. അതിലും വലിയ ദീർഘകാല ലക്ഷ്യമാണ് AMCA. ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ AMCAയിൽ കുറഞ്ഞ റഡാർ സിഗ്നേച്ചർ, ആധുനിക സെൻസറുകൾ, ആഭ്യന്തര ആയുധ ബേ, നെറ്റ്‌വർക്ക് അധിഷ്ഠിത യുദ്ധശേഷി, അത്യാധുനിക ഇലക്ട്രോണിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ലക്ഷ്യമിടുന്നു. വിദേശ അഞ്ചാം തലമുറ യുദ്ധവിമാനം വാങ്ങുന്നതിനേക്കാൾ സ്വന്തം ശേഷി വികസിപ്പിക്കുന്നതിനാണ് നിലവിൽ ഇന്ത്യ പ്രാധാന്യം നൽകുന്നത്.

ഇതോടെ ഇന്ത്യൻ വ്യോമശക്തിയുടെ ഭാവി മൂന്ന് തലങ്ങളിലായി രൂപപ്പെടുകയാണ്. അടിയന്തര പ്രവർത്തന ആവശ്യങ്ങൾക്ക് റാഫേൽ പോലുള്ള വിദേശ പ്ലാറ്റ്‌ഫോമുകൾ മധ്യകാല ആവശ്യങ്ങൾക്ക് തദ്ദേശീയ തേജസ് എംകെ-2 അടുത്ത തലമുറ യുദ്ധശേഷിക്കായി AMCA. 114 വിമാന പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയ്ക്ക് ലഭിക്കുന്നത് യുദ്ധവിമാനങ്ങൾ മാത്രമായിരിക്കില്ല. നിർമ്മാണ സൗകര്യങ്ങൾ, പരിശീലനം ലഭിച്ച തൊഴിലാളികൾ, വിതരണ ശൃംഖല, ആയുധ സംയോജന ശേഷി, പരിപാലന സംവിധാനം എന്നിവ ഉൾപ്പെടുന്ന വലിയൊരു എയ്‌റോസ്‌പേസ് വ്യവസായ അടിത്തറ കൂടിയായിരിക്കും.

അതിനാൽ ഇന്ത്യയുടെ നിലവിലെ യുദ്ധവിമാന പദ്ധതികളെ വെവ്വേറെ കരാറുകളായി മാത്രം കാണുന്നത് പൂർണ ചിത്രം നൽകില്ല. റാഫേൽ ഉടനടി ആവശ്യമായ പ്രവർത്തന ശേഷിയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, തേജസ് എംകെ-2 ആഭ്യന്തര മധ്യകാല ശേഷിയെയും AMCA അടുത്ത തലമുറ സാങ്കേതിക സ്വയംപര്യാപ്തതയെയും പ്രതിനിധീകരിക്കുന്നു. വിദേശ സാങ്കേതികവിദ്യ ആവശ്യമായിടത്ത് പ്രയോജനപ്പെടുത്തുകയും അതോടൊപ്പം രാജ്യത്തിനകത്തെ രൂപകൽപ്പന, നിർമ്മാണം, ആയുധ വികസനം, വിതരണ ശൃംഖല എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഇരട്ട സമീപനമാണ് ഇതിലൂടെ പ്രകടമാകുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ ഈ പദ്ധതികളുടെ സമയക്രമവും കരാറുകളും പരീക്ഷണഫലങ്ങളും ഉൽപ്പാദന ശേഷിയും തന്നെയാകും ഇന്ത്യൻ വ്യോമസേനയുടെ ഭാവി യുദ്ധശേഷിയുടെ രൂപം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

വീഡിയോ കാണാം…

Share Email
Top