തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

ചെന്നൈ : തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഭൂമാഫിയകൾക്ക് എതിരായ വാർത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ പ്രതിഷേധിച്ചു.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ വീടിന് മുന്നിൽ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നിൽ വച്ച് തടഞ്ഞു. പിന്നാലെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മോസസിൻ്റെ കരച്ചിൽ കേട്ട് എത്തിയ വീട്ടുകാരെയും പ്രദേശവാസികളെയും വടിവാൾ വീശി ഭീഷണിപ്പെടുത്തി ഗുണ്ടാസംഘം കടന്നു കളഞ്ഞു.

കാഞ്ചീപുരത്തെ ഭൂ മാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാർത്താ പരമ്പര ചെയ്തിരുന്നു. ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിൻ്റെ ബിസിനസ് ഇടപാടുകളെ കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഈ റിപ്പോർട്ടുകൾ കാഞ്ചീപുരത്ത് ചർച്ചയായിരുന്നു.

രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് മോസസിൻ്റെ കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കാഞ്ചീപുരം പഴയ നല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. തമിഴ്നാട് പത്രപ്രവർത്തക യൂണിയൻ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു.

Top