വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം; ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരെ പരാതി നല്‍കിയിട്ടില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളില്‍ മുതിര്‍ന്ന ഐഎഎസുകാര്‍ക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ക്കെരിതെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത. പുറത്തിറങ്ങിയ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ തസ്തികകളില്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥരാരും ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെയായിരുന്നു എം ശിവശങ്കറിന്റെ സ്ഥാനചലനം.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റിയതിന് പുറമേ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ശിവശങ്കറിനെ മാറ്റിയതിന് പിന്നാലെ, മിര്‍ മുഹമ്മദിനെയാണ് ആ സ്ഥാനത്ത് സര്‍ക്കാര്‍ നിയോഗിച്ചത്. ഒപ്പം പുതിയ ഐ ടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചുവെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

Top