മാതൃഭൂമിക്ക് ‘ബദലായി’ പത്രം തുടങ്ങുവാന്‍ കേരളത്തിലെ നമ്പര്‍ വണ്‍ ചാനല്‍ രംഗത്ത്

WhatsApp Image 2018-08-05 at 8.38.25 PM

ബെംഗലൂരു: ‘മീശ’ വിവാദത്തില്‍ പ്രതിരോധത്തിലായ മാതൃഭൂമിക്ക് ബദലായി കേരളത്തില്‍ പുതിയ പത്രം ആരംഭിക്കാന്‍ പ്രമുഖ ചാനലിന്റെ നീക്കം.

ദക്ഷിണേന്ത്യയിലെ പ്രമുഖ ചാനല്‍ ശൃംഖലയുടെ ഉടമയാണ് പുതിയ നീക്കവുമായി അണിയറയില്‍ സജീവമായിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ഉള്ള ചാനല്‍ ഈ നെറ്റ് വര്‍ക്കിന് കീഴിലുള്ളതാണ്.

നേരത്തെ, കോട്ടയം ആസ്ഥാനമായ ഒരു പത്രം വാങ്ങാന്‍ എം.പി കൂടിയായ ചാനല്‍ മേധാവി ശ്രമം നടത്തിയിരുന്നുവെങ്കിലും പത്ര കുടുംബത്തിലെ ഭിന്നത മൂലം അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു.

വിവാദ നോവല്‍ ‘മീശ’ ഹിന്ദു സ്ത്രീകളെ അവഹേളിക്കുന്നതായ പ്രചരണത്തിന് സോഷ്യല്‍ മീഡിയകളിലും പൊതു സമൂഹത്തിലും പിന്തുണ ലഭിച്ചതോടെ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ബഹിഷ്‌ക്കരിക്കാന്‍ ശക്തമായ പ്രചരണം ഉയര്‍ന്നതാണ് വീണ്ടും മലയാള പത്ര സ്വപ്നത്തിനായി രംഗത്തിറങ്ങാന്‍ ചാനല്‍ ഉടമയെ പ്രേരിപ്പിച്ചതത്രെ.

ചാനലിന്റെ പേരില്‍ തന്നെ പത്രവും തുടങ്ങാനാണ് ഇപ്പോഴത്തെ ആലോചന. ഇതു സംബന്ധമായി തന്റെ അടുത്ത സുഹൃത്തുകൂടിയായ പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്ററുമായി ചാനല്‍ മേധാവി ചര്‍ച്ച നടത്തിയതായും പറയപ്പെടുന്നു.

മലയാള പത്ര-മാധ്യമ രംഗത്തെ പ്രമുഖരുടെ ഒരു ടീമിനെ കൂടി സഹകരിപ്പിച്ച് ‘നേരോടെ, നിര്‍ഭയം, നിരന്തരം’ ഇടപെടല്‍ നടത്തുന്ന സമ്പൂര്‍ണ്ണ ദിനപത്രമാണ് ലക്ഷ്യമെന്നാണ് സൂചന.

അതേസമയം ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ സംഘടിത പ്രചരണം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാവുകയാണ്.

ഹൈന്ദവ സംഘടനകളില്‍ നിന്നും വ്യത്യസ്തമായി സാധാരണ ഹിന്ദു മത വിശ്വാസികളായ സ്ത്രീകള്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പത്രത്തിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളില്‍ ഉടലെടുത്ത കടുത്ത അസംതൃപ്തി ‘മീശ’ നോവല്‍ കൂടി പുറത്തിറങ്ങിയതോടെ അണപൊട്ടി ഒഴുകുകയായിരുന്നു.

ഹിന്ദു സമുദായത്തിലെ വിശ്വാസങ്ങള്‍ക്കെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നതെന്നാണ് വിശ്വാസികള്‍ക്കിടയിലെ ആരോപണം. ഇതിന്റെ ഭാഗമാണ് ശബരിമല, മീശ വിവാദങ്ങള്‍ളെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സോഷ്യല്‍ മീഡിയകള്‍ ശക്തമായ പുതിയ കാലത്ത് എല്ലാ കുപ്രചരണങ്ങളെയും ചെറുത്ത് തോല്‍പ്പിക്കാനും പാഠം പഠിപ്പിക്കാനും ഉള്ള കരുത്ത് സമുദായത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസി സമൂഹം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടുന്നത്.

എന്നാല്‍ പത്രത്തിനെതിരെ അണിയറയില്‍ നടക്കുന്നത് വലിയ ഗൂഢാലോചനയാണെന്നും മാതൃഭൂമി എന്താണെന്ന് അറിയുന്ന കേരള ജനത ഇപ്പോഴത്തെ എല്ലാ പ്രചരണങ്ങളും തള്ളിക്കളയുമെന്നും പത്ര മാനേജ്‌മെന്റ് വ്യക്തമാക്കി. എം. എന്‍ കാരശ്ശേരി അടക്കമുള്ള സാംസ്‌കാരിക നായകരും മാതൃഭുമിക്കെതിരായ കടന്നാക്രമണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഇതിനിടെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കിയ ഭീമ ജ്വല്ലറിക്കെതിരെ വി.ടി. ബല്‍റാം എം.എല്‍.എ രംഗത്ത് വന്നതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. ബല്‍റാമിനെതിരെയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ കടന്നാക്രമണമാണ് നടക്കുന്നത്.Related posts

Back to top