രാജ്യത്തിനെതിരായ വാര്‍ത്തകള്‍; രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകള്‍

 

തൃശ്ശൂര്‍:രാജ്യത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടുമാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹികമാധ്യമ അക്കൗണ്ടുകള്‍. യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലാണിവ. കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയമാണ് നടപടിയെടുത്തത്.

റദ്ദാക്കിയതില്‍ 55 എണ്ണം യുട്യൂബ് ചാനലുകളാണ്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും രണ്ടുവീതവും ഫെയ്‌സ്ബുക്കില്‍ ഒരെണ്ണവും. റദ്ദാക്കപ്പെട്ട യുട്യൂബ് ചാനലുകള്‍ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തവയാണെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്.

2021 ഫെബ്രുവരിയില്‍ നിലവില്‍വന്ന ഐ.ടി. ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. ഇത്രയും അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടുന്നത് ചട്ടം നിലവില്‍വന്നശേഷം ആദ്യമായാണ്. ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെക്കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി വന്നത്. വൈറല്‍ ന്യൂസ് എന്ന പേരില്‍ പ്രചരിക്കുന്നവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

വാര്‍ത്താവിതരണമന്ത്രാലയം സ്വമേധയാ എടുത്ത കേസുകളും ദേശീയ അന്വേഷണ ഏജന്‍സികളായ ഐ.ബി., റോ, സൈന്യ വിഭാഗങ്ങള്‍ എന്നിവ കൈമാറിയ കേസുകളുമുണ്ട്.

 

Top