കൊറോണയുടെ പേരില്‍ നവവധുവിന് മര്‍ദ്ദനം; ഭര്‍ത്താവും ഭര്‍ത്തൃപിതാവും അറസ്റ്റില്‍

ഒഡിഷ: കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ നവവധുവിന് ഭര്‍തൃവീട്ടുകാരുടെ കൊടിയ പീഡനം. ഒഡിഷയിലെ നബരാഗ്പൂറിലാണ് സംഭവം. മാര്‍ച്ച് രണ്ടിനാണ് ഒഡിഷ സ്വദേശിയായ പൂജ സര്‍കാര്‍ എന്ന യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി യുവതി. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊറോണയുമായി ബന്ധപ്പെടുത്തിയുള്ള മര്‍ദ്ദം തുടങ്ങിയത്.

മുര്‍ടുമ ഗ്രാമത്തില്‍ നിന്നുള്ള പൂജയെ ജയന്ത് കുമാറാണ് വിവാഹം ചെയ്തത്. 2.5 ലക്ഷം രൂപയും ആഭരണവും ബൈക്കും സ്ത്രീധനമായി നല്‍കിയായിരുന്നു വിവാഹം നടന്നത്. എന്നാല്‍ പൂജ വീട്ടില്‍ എത്തിയതോടെ കൂടുതല്‍ പണം വേണമെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധം തുടങ്ങി. വീട്ടുകാരുടെ നിര്‍ബന്ധം മര്‍ദനത്തിലേക്ക് വഴി മാറിയതോടെ പൂജ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് സംഭവം തിരക്കി മുന്നറിയിപ്പ് നല്‍കിയതോടെ ഭര്‍തൃവീട്ടുകാര്‍ മയപ്പെട്ടു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് യുവതിക്ക് ചുമ ബാധിച്ചതോടെ ഇത് കൊറോണയാണ് എന്ന പേരില്‍ വീട്ടുകാര്‍ പീഡിപ്പിക്കാന്‍ തുടങ്ങിയത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന ശുചിമുറി പോലും ഉപയോഗിക്കാന്‍ പൂജയെ അനുവദിച്ചില്ല. ഭക്ഷണം പോലും നല്‍കാതെ പട്ടിണിക്കിട്ടതോടെ പൂജ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍ത്തൃപിതാവിനെയും അറസ്റ്റ് ചെയ്തു.

Top