കൊറോണക്കാലത്തെ കല്ല്യാണം; സാക്ഷി ഒരേയൊരാള്‍, മാസ്‌ക് ധരിച്ച് ദമ്പതികള്‍

മുഖത്ത് സര്‍ജിക്കല്‍ മാസ്‌കുകള്‍ ഘടിപ്പിച്ച് വിവാഹം കഴിച്ചതിന്റെ സന്തോഷത്തിന് ചുംബനം നല്‍കാന്‍ പോലും കഴിയാതെയാണ് നേപ്പിള്‍സില്‍ ആ ദമ്പതികളുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ആഘോഷത്തില്‍ കൈയടിച്ച് ഒപ്പം ചേരാന്‍ പ്രിയപ്പെട്ടവരുടെ സദസ്സും ഉണ്ടായിരുന്നില്ല. ഒരു ദൃക്‌സാക്ഷിയെ മാത്രം സാക്ഷിയാക്കിയാണ് 46കാരന്‍ ഡീഗോ ഫെര്‍ണാണ്ടസും, 30കാരി ഡെനി സല്‍ഗാഡോയും വിവാഹിതരായത്. ഇറ്റലിയില്‍ വന്‍തോതില്‍ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാലാണ് വിവാഹച്ചടങ്ങുകള്‍ ഈ രീതിയില്‍ ആയിപ്പോയത്.

കൊവിഡ്19 ബാധിച്ച് ഇറ്റലിയില്‍ ഒരൊറ്റ ദിവസത്തില്‍ 627 പേര്‍ കൂടി മരണത്തിലേക്ക് വഴുതിവീണതോടെ ആകെ മരണസംഖ്യ 4032 ആയി ഉയര്‍ന്നു. 18.4 ശതമാനമാണ് മരണനിരക്കിലെ വര്‍ദ്ധന. ഒരു മാസം മുന്‍പ് രാജ്യത്ത് വൈറസ് പടര്‍ന്നുപിടിച്ച് തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. വ്യാഴാഴ്ചയാണ് മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നത്. ചൈനയില്‍ വൈറസിന്റെ വേഗത കുറയുന്ന സ്ഥിതിയുമാണ്. രാജ്യത്ത് വൈറസില്‍ പോസിറ്റീവായി മാറിയവരുടെ എണ്ണം 47,021 ആയതായി സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി വ്യക്തമാക്കി.

രാജ്യത്ത് പകര്‍ച്ചവ്യാധി പിടിമുറുക്കിയ നോര്‍ത്ത് പ്രദേശമായ ലൊംബാര്‍ഡിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. 2549 പേരാണ് ഇവിടെ മരിച്ചത്. 22,264 പേര്‍ പോസിറ്റീവാണ്. ഇതിനിടെ വെള്ളിയാഴ്ച വരെ 5129 പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 2655 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തിലുള്ളത്. ലൊംബാര്‍ഡി മേഖലയില്‍ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ആശുപത്രികളിലേക്ക് നിയന്ത്രണാതീതമായി ആളുകളുടെ കുത്തൊഴുക്കാണ്.

ചില ഇറ്റലിക്കാര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥിതിയിലേക്ക് പോയതോടെയാണ് സൈന്യത്തെ രംഗത്തിറക്കിയത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഏതാനും ആളുകളുടെ വീഴ്ച ദുരന്തം സമ്മാനിക്കുമെന്ന അവസ്ഥ വന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

Top