മാതൃസ്‌നേഹത്തിന്റെ മാഹാത്മ്യം ; വിവാഹ വേഷത്തില്‍ കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ

ബ്രസീല്‍: വിശന്നു കരയുന്ന കുട്ടിക്ക് മുലപ്പാല് കൊടുക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ചു നടക്കുന്ന സ്ത്രീകളെ നാം കണ്ടിട്ടുണ്ടാവും.

ചിലരാവട്ടെ കുട്ടികളെ കുപ്പിപ്പാല്‍ കൊടുത്ത് വിശപ്പടക്കാന്‍ നോക്കും, മറ്റു ചിലര്‍ കുട്ടികളെ ഉറക്കാന്‍ നോക്കും, കാരണം നാം നമ്മുടെ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളെ അത്രയേറെ ഭയപ്പെടുന്നു.

എന്നാല്‍ തന്റെ കല്യാണ ദിവസം വിവാഹ വേഷത്തില്‍ കുഞ്ഞിനെ പാലൂട്ടുന്ന ഒരമ്മ ഇപ്പോള്‍ മാതൃസ്‌നേഹത്തിന്റെ മാഹാത്മ്യം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ്.

വിവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കുന്നതിനിടെയാണ് ബ്രസീലുകാരിയായ ഡാനിയെല്ലി കത്സ്യു എന്ന ഇരുപത്തിനാലുകാരി തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിയത്.

ചെറുചിരിയോടെ വരനായ കാലെ റിയോയും(26) അരികിലുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതി ഈ മനോഹരമായ നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്തുകയും, ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

എവിടെ വെച്ചും, ഏത് സമയത്തും, കുഞ്ഞ് ആവശ്യപ്പെടുമ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കുകയാണ് താന്‍ ലക്ഷ്യം വെച്ചതെന്ന് മോണിക്ക പറയുന്നു.

മനോഹരം എന്നാണ് ചിത്രം കണ്ടവര്‍ കമന്റ് ചെയ്തത്. എന്നാല്‍ വധുവിനെ വിമര്‍ശിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഔചിത്യമില്ലാതെയുള്ള മുലയൂട്ടല്‍ ശ്രദ്ധ കിട്ടാനാണെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.

Top