പൊലീസ് സ്റ്റേഷനിലിരുന്ന് നവവധുവിന്റെ മയക്കുമരുന്ന് ഉപയോഗം

drug

ഛണ്ഡിഗഢ് : പഞ്ചാബില്‍ പൊലീസ് സ്റ്റേഷനിലിരുന്ന് മയക്കു മരുന്ന് ഉപയോഗിക്കുന്ന നവവധുവിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. സ്‌റ്റേഷനിലിരുന്ന് ചിത്ത എന്ന ലഹരി വസ്തു ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

പഞ്ചാബില്‍ വിവാഹ ദിനത്തില്‍ ഉപയോഗിക്കുന്ന വളകള്‍ അണിഞ്ഞ യുവതി മെഴുകുതിരിക്ക് മുമ്പിലിരുന്ന് ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് ചിത്ത വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ദൃശ്യങ്ങളിലെ ശബ്ദത്തില്‍ നിന്ന് സ്ഥലം പൊലീസ് സ്‌റ്റേഷനാണെന്ന് വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ സമീപത്തുള്ള വസ്തുകളും പൊലീസ് സ്‌റ്റേഷനുകളില്‍ ഉള്ളതാണ്. പൊലീസ് ഓഫീസറുടെ മുന്നിലിരുന്നാണ് യുവതി മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നും വീഡിയോയിലെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്.

പഞ്ചാബിലെ ലഹരി ഉപയോഗം മുമ്പ് തന്നെ കുപ്രസിദ്ധമാണ്. പലപ്പോഴും പൊലീസ് ഇക്കാര്യത്തില്‍ പ്രതികൂട്ടിലായിട്ടുണ്ട്. മയക്കുമരുന്നിനെതിരെ നടപടി എടുക്കാത്തതിന്റെ പേരില്‍ പലപ്പോഴും പൊലീസ് വിമര്‍ശനം നേരിട്ടു. ഇതിനിടെയാണ് യുവതി പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത്.

ഹെറോയിന്‍, എല്‍.എസ്.ഡി എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ലഹരി വസ്തുവാണ് ചിത്ത. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും മയക്കുമരുന്നു പരിശോധനക്ക് വിധേയനകാണമെന്ന ഉത്തരവ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മയക്കു മരുന്ന് പരിശോധനക്ക് വിധേയരാകണമെന്നാണ് മുഖ്യമന്ത്രി ഉത്തരവില്‍ പറയുന്നത്. ഇതിനു പിന്നാലെ പരിശോധനയ്ക്ക് തയ്യാറായി മുഖ്യമന്ത്രി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Top