പുതുതായി കൊണ്ടുവന്ന ജിഎസ്ടി നടപ്പാക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് പുതിയതായി കൊണ്ടുവന്ന ജിഎസ്ടി കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി വർധന കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവശ്യസാധനങ്ങളുടെ വിലവർധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവർധന പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവർധനയ്ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വർധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വർധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാട്.

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപ്പാദകരും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറുൽപ്പന്നങ്ങൾക്കുമടക്കം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും ജിഎസ്ടി നിരക്കുകൾ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Top