ബീഹാറിൽ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പാലം തകർന്ന് വീണു

ബീഹാർ : ഉദ്ഘാടനം നടക്കാനിരിക്കെ നദിയിൽ വെള്ളം ഉയർന്ന് പാലം തകര്‍ന്നു വീണു. ബീഹാറിലെ കൃഷ്ണഗഞ്ചിലാണ് സംഭവം. ആയിരക്കണക്കിന് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് പാലത്തിന്റെ ഉദ്ഘാടനം. 1.42 കോടി രൂപ മുതൽമുടക്കിൽ കനകായ് നദിക്ക് കുറുകെ നിർമ്മിച്ച പാലമാണ് ഉദ്ഘാടനം നടക്കാനിരിക്കെ തകർന്നു വീണത്.

2019ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. കനത്ത മഴയിൽ നദിയിലെ വെള്ളം ഉയര്‍ന്നതാണ് ഇതിനിടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പാലം നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതാണ് പാലം തകരാൻ ഇടയാക്കിയതെന്നുമാണ് ഇവർ ആരോപിക്കുന്നത്. പാലം തകർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് എഞ്ചിനീയർമാർ അറിയിച്ചിരിക്കുന്നത്. ബിഹാറില്‍ നടക്കുന്ന അഴിമതിയുടെ തെളിവാണ് ഉദ്ഘാടനത്തിന് മുൻപ് പാലം തകര്‍ന്നു വീണതെന്ന് കോണ്‍ഗ്രസ്സും ആരോപിച്ചു.

Top