പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷാകര്‍ത്താവ് ആകാന്‍ സാധിക്കില്ല ; സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കെല്ലാം ജീവിതത്തില്‍ തീരുമാനമാനമെടുക്കുവാന്‍ പൂര്‍ണ അധികാരമുണ്ടെന്നും, കോടതികള്‍ക്ക് അവരുടെ സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് അവകാശമുണ്ടെന്നും, അതില്‍ വിലക്കുകളുണ്ടാകാന്‍ പാടില്ലെന്നും, ആഗ്രഹമുള്ളയിടത്ത് പോകാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവര്‍ക്ക് സാധിക്കുമെന്നും. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് അവരെ തടയാനാകില്ലെന്നും ദീപക് മിശ്ര നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ടു കൊണ്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ബെഞ്ചിന്റെ പരാമര്‍ശം. മകളുടെ സംരക്ഷണാവകാശം അമ്മയ്ക്കു നല്‍കിക്കൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവും ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ കോടതി വിസമ്മതിച്ചു.

ഹര്‍ജിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കുവൈറ്റിലേക്ക് പോകാനും അവിടെ അച്ഛനോടൊപ്പം താമസിക്കുവാനും പെണ്‍കുട്ടി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും അതുകൊണ്ട് ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

Top