newdelhi rape

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം ക്രിമിനലുകളുടെ കൈയിലാണെന്നും ഓരോ നാല് മണിക്കൂറിലും ഓരോ പീഡനം വീതം നടക്കുന്നുവെന്നും ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട്.

ഡല്‍ഹി പൊലീസ് പുറത്ത് വിട്ട 2016ലെ ഔദ്യോഗിക വാര്‍ഷിക കണക്കെടുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പീഡനങ്ങള്‍ക്ക് പുറമെ മറ്റ് കുറ്റങ്ങളുടെ കാര്യത്തിലും തലസ്ഥാന നഗരം മുന്‍ നിരയിലാണെങ്കിലും സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്നും
പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓരോ ഒമ്പത് മിനിട്ടിനുള്ളിലും എന്തെങ്കിലും സഹായം ആഭ്യര്‍ത്ഥിച്ചുള്ള സ്ത്രീകളുടെ ഫോണ്‍ വിളികളാണ് പല ഹെല്‍പ്പ് ലൈനിലേക്കും വരുന്നത്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 2,09,519 കേസുകളില്‍ 73 ശതമാനവും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍പ്പെട്ടവയാണ്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറവായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങളില്‍ ഇപ്പോള്‍ പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉടനടി അന്വേഷണം നടത്താന്‍ പ്രത്യേകം വിഭാഗം തന്നെ ഇപ്പോള്‍ ഡല്‍ഹി പൊലീസിലുണ്ട്. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ കുറഞ്ഞ് വരുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും പൊലീസ് ജോയിന്റ് കമ്മിഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.

മോഷണ ശ്രമം, പിടിച്ച് പറി, പോക്കറ്റടി എന്നിവ പോലുള്ള കേസുകളാണ് ഇപ്പോള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്നത്. ഓരോ അര മണിക്കൂറിനുള്ളിലും ഒരാളെങ്കിലും ഇത്തരക്കാരുടെ ഇരയാവുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top