പാർക്കിംഗിനെ ചൊല്ലി തർക്കം; കുട്ടിയുടെ കുത്തേറ്റയാൾ മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹിയിൽ അയൽക്കാരനെ കുട്ടി കുത്തി കൊലപ്പെടുത്തി.വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡൽഹിയിലെ ബദർപൂരിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തി. ശിവ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബദർപൂരിലെ ബുദ്ധ വിഹാറിൽ തന്‍റെ സ്‌കൂട്ടി പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെയാണ് അയൽവാസിയായ പ്രായപൂർത്തിയാകാത്ത കുട്ടി ഇയാളുടെ നെഞ്ചിൽ കത്തി വച്ച് കുത്തിയത്.

കലഹത്തിനിടെ മരിച്ചയാളുടെ സഹോദരൻ വികാസ് യാദവ്, മറ്റൊരു അയൽക്കാരൻ രത്തൻ ലാൽ എന്നിവർക്കും പരിക്കേറ്റതായി ഡൽഹി പൊലീസ് പറഞ്ഞു.വികാസിന്‍റെ വയറ്റിൽ പരിക്കേറ്റപ്പോൾ റത്തൻ ലാലിന്‍റെ വിരലിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്. മൂവരെയും അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശിവ യാദവ് മരിക്കുകയായിരുന്നു.

അന്വേഷണത്തിൽ, ശിവ യാദവും പ്രതിയുടെ അമ്മയുമായി കഴിഞ്ഞ ദിവസം രാവിലെ തർക്കമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഈ തർക്കത്തെത്തുടർന്ന് പ്രതിയുടെ പിതാവും സഹോദരനും പ്രതിയും ചേർന്ന് ശിവ യാദവിനോട് കാര്യങ്ങൾ തിരക്കുകയും അതൊരു വഴക്കായി മാറുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ വഴക്കിനിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടി ശിവ യാദവിന്‍റെ നെഞ്ചിൽ കുത്തിയത്.

കുട്ടിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസക്തമായ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Top