വാഹനാപകടത്തില്‍ നവജാതശിശു മരണം ; മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്

കണ്ണൂര്‍: അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്.

കണ്ണൂര്‍ സ്വദേശിനി ഡിംപിള്‍ ഗ്രേസ് തോമസിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് നടന്ന സംഭവത്തില്‍, ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്.

ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍ ആഷ്‌ലി എന്ന ഓസ്‌ട്രേലിയക്കാരിയുടെ കാറുമായാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് 28 ആഴ്ച ഗര്‍ഭിണിയായിരുന്നു ആഷ്‌ലി.

ഇടിയുടെ ആഘാതത്തില്‍ ആഷ്‌ലിയുടെ വയറിനു മുകളില്‍ സീറ്റ് ബെല്‍റ്റ് മുറുകുകയും അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്തു.

തുടര്‍ന്ന് ആഷ്‌ലിയെ അടിയന്തര സിസേറിയന് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ടുദിവസത്തിനു ശേഷം മരിച്ചു.

അപകടത്തിന്റെ ആഘാതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

തിരക്ക് ഒഴിവാക്കാന്‍ ഡിംപിള്‍ വണ്‍വേയിലൂടെ വാഹനം ഓടിക്കുകയും സൈന്‍ ബോര്‍ഡ് നിര്‍ദേശം അവഗണിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ഗിപ്പ്സ്ലാന്‍ഡ് ഹൈവേയിലായിരുന്നു അപകടം.

ഓസ്‌ട്രേലിയയിലെ സ്ഥിരതാമസക്കാരിയായ ഡിംപിളിന് പതിനഞ്ചുമാസം ശിക്ഷയനുഭവിച്ചതിനു ശേഷം മാത്രമേ പരോള്‍ ലഭിക്കുകയുള്ളു.

ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ വണ്‍വേയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ഡിംപിളിന്റെ വാദം. എന്നാല്‍ ഇത് ശരിയല്ലെന്ന് കോടതി പിന്നീട് കണ്ടെത്തി.

സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിട്ടുള്ളവരാണെങ്കില്‍ കൂടി ഒരു വര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ അവരെ നാട്ടിലേക്ക് തിരികെ അയക്കാമെന്ന് ഓസ്‌ട്രേലിയന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതിനാല്‍ തന്നെ ഡിംപിളിനെ നാട്ടിലേക്ക് തിരികെ അയക്കാനും സാധ്യതയുണ്ട്. 2012-ലാണ് ഡിംപിളും ഭര്‍ത്താവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് മൂന്നുവയസ്സുകാരനായ ഒരു മകനുണ്ട്.

Top