ലോകകപ്പിലെ അരങ്ങേറ്റ സീസണിൽ തന്റെ മൂന്നാം സെഞ്ച്വറിയും സ്വന്തമാക്കി രച്ചിൻ രവീന്ദ്ര

ബെംഗളൂരു: ലോകകപ്പിലെ അരങ്ങേറ്റ സീസണില്‍ തന്നെ തന്റെ മൂന്നാം സെഞ്ച്വറിയും സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് യുവതാരം രച്ചിന്‍ രവീന്ദ്ര. പാകിസ്താനെതിരായ മത്സരത്തിലാണ് രച്ചിന്‍ തന്റെ മൂന്നാം ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് പാകിസ്താനെതിരെ പടുത്തുയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് അടിത്തറയൊരുക്കിയത് 23കാരനായ രച്ചിന്‍ രവീന്ദ്രയുടെ ഇന്നിങ്സാണ്. രണ്ടാം വിക്കറ്റില്‍ നായകന്‍ കെയ്ന്‍ വില്യംസണിനൊപ്പം 180 റണ്‍സാണ് രച്ചിന്‍ കൂട്ടിച്ചേര്‍ത്തത്.

25 വയസ് തികയുന്നതിന് മുന്നേ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും രച്ചിന്‍ രവീന്ദ്രയ്ക്ക് സാധിച്ചു. ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സ് നേടി റണ്‍വേട്ടക്കാരില്‍ രണ്ടാമതാണ് രച്ചിന്‍. കൂടാതെ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡ് താരമെന്ന റെക്കോര്‍ഡും ഒരു ലോകകപ്പ് പതിപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും രച്ചിന്‍ സ്വന്തമാക്കി. 1975 ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ മുന്‍താരം ഗ്ലെന്‍ ടര്‍ണര്‍, 2015 ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, 2019 ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണ്‍ എന്നിവരെ പിന്നിലാക്കിയാണ് രച്ചിന്റെ നേട്ടം.

പാകിസ്താനെതിരെ നടന്ന മത്സരത്തില്‍ മൂന്നാം ലോകകപ്പ് സെഞ്ച്വറി നേടിയതോടെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് രച്ചിന്‍. 25 വയസിന് മുന്‍പേ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് രച്ചിന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. രണ്ട് ലോകകപ്പ് സെഞ്ച്വറികളായിരുന്നു 25 വയസിന് മുന്‍പ് സച്ചിന്‍ നേടിയത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയും ഓസീസിനെതിരെയും സെഞ്ച്വറി തികച്ച രച്ചിന്‍ പാകിസ്താനെതിരെയും സെഞ്ച്വറി പ്രകടനം ആവര്‍ത്തിച്ചതോടെയാണ് സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡിന് പുതിയ അവകാശിയായത്.

 

Top