ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു

അഹമ്മദാബാദ്: 2023 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. കെയ്ന് വില്യംസന്റെ അഭാവത്തില്‍ ടോം ലാഥമാണ് ടീമിനെ നയിക്കുന്നത്.ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും മുഖാമുഖംവരുമ്പോള്‍, കഴിഞ്ഞ ഫൈനലിന്റെ റീപ്ലേകൂടിയാണത്. നാലുവര്‍ഷംമുമ്പ് ലോര്‍ഡ്‌സില്‍നടന്ന ഫൈനലിലെ ഓര്‍മകള്‍ ന്യൂസീലന്‍ഡ് ടീമിനെ ഇപ്പോഴും അലട്ടുന്നുണ്ടാകും. ലോകക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിന മത്സരങ്ങളിലൊന്നായിരുന്നു അത്.

നിശ്ചിത 50 ഓവര്‍ കഴിഞ്ഞിട്ടും ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തുല്യശക്തികളായി നിലകൊണ്ടു. സൂപ്പര്‍ ഓവറിനും അവരിലെ ചാമ്പ്യനെ കണ്ടെത്താനായില്ല. ഒടുവില്‍ ബൗണ്ടറിയുടെ എണ്ണം കൂടുതലുള്ള ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ വിജയികളെ പ്രഖ്യാപിച്ചതിനെ പലരും വിമര്‍ശിച്ചു. അന്ന് നിര്‍ത്തിയിടത്തുനിന്നാണ് വീണ്ടും തുടങ്ങുന്നത്.

Top