നാളെ ന്യൂസിലന്‍ഡും പാകിസ്ഥാനും സന്നാഹ മത്സരം; കിവീസിനെ നയിക്കാന്‍ കെയ്ന്‍ വില്യംസണ്‍

ഹൈദരാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ലോകകപ്പ് നഷ്ടമാകുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കായിരുന്നു കിവീസ് നായകന്റെ പ്രധാന പ്രശ്‌നം. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം തിരിച്ചെത്തി. ടീം പ്രഖ്യാപിച്ചപ്പോള്‍ വില്യംസണെ നായകനാക്കുകയായിരുന്നു. ആറ് മാസത്തിനിടെ വില്യംസണ്‍ സുഖം പ്രാപിക്കുകയായിരുന്നു.

അടുത്തിടെ നടന്ന പരമ്പരകളിലൊന്നും വില്യംസണ്‍ കളിച്ചിട്ടില്ല. നേരിട്ട ലോകകപ്പ് കളിക്കാനാണ് പദ്ധതി. ഇതിനിടെ നെറ്റ്സില്‍ കഠിനമായ പരിശീലനം അദ്ദേഹം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എപ്പോള്‍തിരിച്ചെത്താനാകുമെന്നതിനെ കുറിച്ച് വില്യംസണ്‍ സംസാരിച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടിനെ നേരിടാന്‍ കിവീസ് ടീമിലുണ്ടാവുമെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വില്യംസണിന്റെ വാക്കുകള്‍… ”അധികം വൈകാതെ വീണ്ടും കളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. വലിയ അനുഭവമായിരിക്കും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. ഞാനിപ്പോഴും കഠിനാധ്വാനം ചെയ്യുകയാണ്. പരിക്കിന് ശേഷം വിക്കറ്റിനിടയിലുള്ള ഓട്ടത്തില്‍ അല്‍പം പിന്നിലാണ്. എന്നാല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത്രയുമാണ് വില്യംസണ്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അതിന് മുമ്പ് താരത്തെ കളത്തില്‍ കാണാനാവുമെന്നാണ് കരുതുന്നത്. നാളെ പാകിസ്ഥാനെതിരെ നടക്കുന്ന സന്നാഹ മത്സരത്തില്‍ വില്യംസണ്‍ കളിച്ചേക്കും. കളിക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെന്ന് വില്യംസണ്‍ വ്യക്തമാക്കി. 2015 ലോകകപ്പിനും 2019ലും നിര്‍ണായക പങ്കുവഹിച്ച താരമാണ് വില്യംസണ്‍. കഴിഞ്ഞ തവണ ടീമിനെ ഫൈനലിലേക്ക് നയിക്കാനും താരത്തിനായി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വില്യംസണായിരുന്നു.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ട്രന്റ് ബോള്‍ട്ട്, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, വില്‍ യംഗ്.

Top