ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് 328 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് 328 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദ്, രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് വേണ്ടി വില്‍ യംഗ് (70), രചിന്‍ രവീന്ദ്ര (51), ടോം ലാഥം (53) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഡാരില്‍ മിച്ചല്‍ (48) മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. പോള്‍ വാന്‍ മീകെരന്‍, റോള്‍ വാന്‍ ഡര്‍ മെര്‍വെ, ആര്യന്‍ ദത്ത് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി രണ്ട് വിക്കറ്റ് വീതമെടുത്തു.

ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഡെവോണ്‍ കോണ്‍വെ (32) – യംഗ് ഓപ്പണിംഗ് സഖ്യം 67 റണ്‍സ് ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരനായ കോണ്‍വെയെ വാന്‍ ഡെര്‍ മെര്‍വെ പുറത്താക്കി. മൂന്നമാനായ രവീന്ദ്ര ക്രീസില്‍. ഇംണ്ടിനെതിരെ നേടിയ സെഞ്ചുറിയുടെ ബാക്കിയായിരുന്നു ഹൈദരാബാദില്‍. യംഗിനൊപ്പം 67 റണ്‍സ് ചേര്‍ക്കാന്‍ രവീന്ദ്രയ്ക്കായി. എന്നാല്‍ യംഗിനെ പുറത്താക്കി പോള്‍ വാന്‍ മീകെരെന്‍ നെതര്‍ലന്‍ഡ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ രവീന്ദ്രയും മടങ്ങി. 51 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും മൂന്ന് ഫോറും നേടി.

ശേഷം ക്രീസിലെത്തിയ ലാഥം മിച്ചലിനൊപ്പം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ മിച്ചല്‍ വീണു. തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് (4), മാര്‍ക് ചാപ്മാന്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ലാഥവും മടങ്ങി. മിച്ചല്‍ സാന്റ്‌നര്‍ (17 പന്തില്‍ 36) – മാറ്റ് ഹെന്റി (4 പന്തില്‍ 10) സഖ്യമാണ്് കിവീസിന്റെ സ്‌കോര്‍ 300 കടത്താന്‍ സഹായിച്ചത്.

ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ജയിംസ് നീഷമിന് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. നെതര്‍ലന്‍ഡ്‌സ് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. സാക്വിബ് സുല്‍ഫിക്കര്‍, ലോഗന്‍ വാന്‍ ബീക് എന്നിവര്‍ പുറത്തായി. പകരം റ്യാന്‍ ക്ലീന്‍, സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷ് എന്നിവര്‍ ടീമിലെത്തി.

നെതര്‍ലന്‍ഡ്സ്: വിക്രംജിത് സിംഗ്, മാക്സ് ഒഡൗഡ്, കോളിന് ആക്കര്‍മാന്‍, ബാസ് ഡീ ലീഡെ, തേജാ നിഡമാനുരു, സ്‌കോട്ട് എഡ്വേര്‍ഡ്സ്, സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷ്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, റ്യാന്‍ ക്ലീന്‍, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍.

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, വില്‍ യംഗ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്.

Top