ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം

ചെന്നൈ: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാാണ് നേടിയത്. പേസര്‍മാരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ കിവീസ് 42.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡാരില്‍ മിച്ചല്‍ (പുറത്താവാതെ 89), കെയ്ന്‍ വില്യംസന്‍ (78 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവരാണ് കിവീസിന് വിജയത്തിലേക്ക് നയിച്ചത്.

അത്ര നല്ലതായിരുന്നില്ല ന്യൂസിലന്‍ഡിന്റെ തുടക്കം. മൂന്നാം ഓവറില്‍ മികച്ച ഫോമിലുള്ള രചിന്‍ രവീന്ദ്രയുടെ (9) വിക്കറ്റ് കീവിസിന് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡെവോണ്‍ കോണ്‍വെ (45) – വില്യംസണ്‍ സഖ്യം ടീമിനെ ക്ഷീണമറിയിച്ചില്ല. ഇരുവരും മൂന്നാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കോണ്‍വെയെ വിക്കറ്റിന് മുന്നില്‍ കുടക്കി ഷാക്കിബ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. നാലാമനായി ക്രീസിലെത്തിയത് മിച്ചല്‍. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് നേടി മിച്ചല്‍ നിലപാട് വ്യക്തമാക്കി. ഈ ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്ന വില്യംസണ്‍ ഒരറ്റത്ത് ഉറച്ചുനിന്നു. മറുവശത്ത് മിച്ചലിന്റെ അറ്റാക്കിംഗ് ശൈലി.

വിജയത്തിനടുത്തെത്തി നില്‍ക്കെയാണ് വില്യംസണ് പരിക്കേല്‍ക്കുന്നത്. റണ്ണിംഗിനിടെ ടസ്‌കിന്‍ അഹമ്മദിന്റെ ത്രോ വില്യംസമിന്റെ തള്ള വിരലില്‍ തട്ടി. താരത്തിന് റിട്ടയേര്‍ഡ് ഹര്‍ട്ടാവേണ്ടിവന്നു. മടങ്ങുമ്പോള്‍ 107 പന്തുകള്‍ നേരിട്ടിരുന്ന വില്യംസണ്‍ ഒരു സിക്‌സും എട്ട് ഫോറും നേടിയിരുന്നു. പകരമെത്തിയ ഗ്ലെന്‍ ഫിലിപ്‌സിന കൂട്ടുപിടിച്ച് ഡാരില്‍ കിവീസിനെ വിജയത്തിലേക്ക് നയിച്ചു. 67 പന്തുകള്‍ നേരിട്ട ഡാരില്‍ നാല് സിക്‌സും ആറ് ഫോറും നേടി. ഫിലിപ്‌സ് (6) പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസണാണ് തകര്‍ത്തത്. ഒമ്പത് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടായി. മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 66 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മഹ്മുദുള്ള (41) ഷാക്കിബ് അല്‍ ഹസന്‍ (40) മോശമല്ലാത്ത തുടക്കം പുറത്തെടുത്തു.

Top